
ന്യൂഡല്‍ഹി : ഛത്തീസ്ഗഢിനു പിന്നാലെ ഒഡീഷയിലും മതപരിവര്‍ത്തനം ആരോപിച്ച് മലയാളികളായ പുരോഹിതരെയും കന്യാസ്ത്രീകളെയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി. ഒഡീഷയിലെ ജലേശ്വറിലെ ഒരു ഗ്രാമത്തിലാണ് സംഭവം. മതപരിവര്‍ത്തനം ആരോപിച്ച് മലയാളികളായ രണ്ട് ക്രിസ്ത്യന്‍ പുരോഹിതരെയും രണ്ട് കന്യാസ്ത്രീകളെയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് മരിച്ച ക്രിസ്ത്യന്‍ മതവിശ്വാസിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് രാത്രിയില്‍ മടങ്ങുകയായിരുന്നു രണ്ട് പുരോഹിതന്മാരും രണ്ട് കന്യാസ്ത്രീകളും. ഇവരെ എഴുപതോളം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചെന്നും ആക്രമിച്ചെന്നുമാണ് പരാതി.
ഓഗസ്റ്റ് 6 ന് ജലേശ്വര്‍ ഇടവകയിലെ ഗംഗാധര്‍ മിഷന്‍ സ്റ്റേഷനില്‍ വെച്ചാണ് സംഭവം നടന്നത്. ഇടവക വികാരി ഫാദര്‍ ലിജോ നിരപ്പലും അടുത്ത ഇടവകയായ ജോഡ ഇടവകയിലെ ഫാദര്‍ വി ജോജോയും ഇവരോടൊപ്പമുണ്ടായിരുന്ന കന്യാസ്ത്രീകളുമാണ് ആക്രമിക്കപ്പെട്ടത്. ഇവരോടൊപ്പമുണ്ടായിരുന്നു സഹായിയെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഉപദ്രവിച്ചെന്നും ബൈക്കിലെ ഇന്ധനം ഊറ്റിക്കളഞ്ഞെന്നും വൈദികര്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങിയെന്നും ശാരീരികമായി ഉപദ്രവിച്ചുവെന്നും പുരോഹിതര്‍ പറയുന്നു. ഞങ്ങള്‍ അവരെ അമേരിക്കക്കാരാക്കാന്‍ ശ്രമിക്കുകയാണെന്ന് വിളിച്ചുപറഞ്ഞായിരുന്നു ആക്രമണമെന്നും ബലപ്രയോഗത്തിലൂടെ മതം മാറ്റുകയാണെന്ന് അക്രമികള്‍ പറഞ്ഞെന്നും ഫാദര്‍ നിരപ്പേല്‍ പറഞ്ഞു. ”ബിജെഡിയുടെ കാലം കഴിഞ്ഞു, ഇപ്പോള്‍ ബിജെപിയുടെ ഭരണമാണ് – ഇനി ക്രിസ്ത്യാനികളെ ഉണ്ടാക്കാന്‍ കഴിയില്ല” എന്ന് അക്രമികള്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
അക്രമികള്‍ ചില മാധ്യമ പ്രവര്‍ത്തകരോടൊപ്പമായിരുന്നു വന്നതെന്നും ആക്രമണം ആസൂത്രിതമായിരുന്നുവെന്നും ഇരകള്‍ പറയുന്നു. സംഭവം നടന്ന് ഏകദേശം 45 മിനിറ്റിനുള്ളില്‍, ഒരു വനിതാ കോണ്‍സ്റ്റബിളും രണ്ട് പുരുഷ ഓഫീസര്‍മാരും ഉള്‍പ്പെടുന്ന ഒരു സംഘം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പക്ഷേ, പൊലീസിന്റെ സാന്നിധ്യത്തില്‍ പോലും ജനക്കൂട്ടം ആക്രമണം തുടര്‍ന്നു. അക്രമികള്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ബലമായി പിടിച്ചെടുത്തെന്ന് പൊലീസിനോട് പറഞ്ഞെങ്കിലും ജനക്കൂട്ടത്തിലെ ആരും അവ കൈവശം വച്ചതായി സമ്മതിക്കുകയോ തിരികെ നല്‍കുകയോ ചെയ്തില്ലെന്നും ഫാദര്‍ നിരപ്പേല്‍ പറയുന്നു.
അതേസമയം, സംഭവത്തില്‍ സീറോ മലബാര്‍ സഭ പ്രതിഷേധം ഉയര്‍ത്തി. സംഘപരിവാര്‍ സംഘടനകളുടെ ക്രൈസ്തവ വേട്ട അവസാനിപ്പിക്കണമെന്ന് സഭ ആവശ്യപ്പെട്ടു. ആക്രമണം ഉണ്ടായ സ്ഥലത്ത് പൊലീസ് എത്തിയിട്ടും കേസെടുത്തില്ലെന്നും നിയമ സംവിധാനങ്ങളെ വര്‍ഗീയശക്തികള്‍ നിയന്ത്രിക്കുന്നുവെന്നും സഭ ആരോപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ അരക്ഷിതാവസ്ഥയിലാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും സഭ ചൂണ്ടിക്കാട്ടി.
ആക്രമണത്തെ ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പ് കോൺഫറൻസ് അപലപിച്ചു. ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിലും കോൺഫറൻസ് ആശങ്ക പ്രകടിപ്പിച്ചു.