
റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിൽ ക്രിസ്ത്യൻ പ്രാർഥനാ കൂട്ടായ്മയ്ക്കിടെ ബജ്റംഗ് ദൾ പ്രവർത്തകരുടെ അതിക്രമം. പ്രാർത്ഥനക്കിടെ ബഹളം വച്ചെത്തിയ ബജ്റംഗ് ദൾ പ്രവർത്തകർ പ്രാർഥനയ്ക്കെത്തിയ വിശ്വാസികളെയും പാസ്റ്ററെയും മർദ്ദിച്ചെന്നാണ് പരാതി. പാസ്റ്റർ പറയുന്നതനുസരിച്ച്, പ്രാർഥനാ കൂട്ടായ്മയിൽ പങ്കെടുത്തവരെ ബജ്റംഗ് ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. മതപരിവർത്തന ആരോപണങ്ങളെ ചൊല്ലിയാണ് ഈ അക്രമം നടന്നതെന്നാണ് പാസ്റ്റർ വിവരിച്ചത്. ഹനുമാൻ ചാലിസ ചൊല്ലിയായിരുന്നു ബജ്റംഗ് ദൾ പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി.
റായ്പൂരിൽ നടന്ന പ്രാർഥനാ യോഗത്തിനിടെ ബജ്റംഗ് ദൾ പ്രവർത്തകർ സ്ഥലത്തെത്തി, പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. തുടർന്ന്, പ്രാർഥനയിൽ പങ്കെടുത്തവർക്ക് നേരെ ആക്രമണം നടത്തിയതായി പാസ്റ്റർ ആരോപിക്കുന്നു. പോലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അക്രമം തടയുന്നതിൽ വീഴ്ച വരുത്തിയെന്നും ആക്ഷേപമുണ്ട്. സംഭവം ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങളുടെ തുടർച്ചയായാണ് വിലയിരുത്തപ്പെടുന്നത്. മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ ആക്രമിച്ചതും അറസ്റ്റ് ചെയ്തതും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ബജ്റംഗ് ദൾ പ്രവർത്തകർ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ പ്രകോപനം കനപ്പിക്കുകയാണ്.
പോലീസിന്റെ നിഷ്ക്രിയതയ്ക്കെതിരെയും അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ടും പ്രതിഷേധം ശക്തമാകുകയാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഛത്തീസ്ഗഡിലെ മതസൗഹാർദ്ദം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിവിധ മനുഷ്യാവകാശ സംഘടനകളും ശബ്ദമുയർത്തിയിട്ടുണ്ട്.