
ബ്രസ്സൽസ്: പന്ത് ഇപ്പോൾ പുടിന്റെ കോർട്ടിലാണെന്ന് നാറ്റോ മേധാവി മാർക്ക് റുട്ടെ. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി, യൂറോപ്യൻ നേതാക്കൾ എന്നിവരുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈനെതിരായ ഈ ഭീകരമായ യുദ്ധം അവസാനിപ്പിക്കാനും നീതിയും ശാശ്വതവുമായ സമാധാനം നേടാനും ഒറ്റക്കെട്ടാണെന്നും റുട്ടെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ട്രംപിന്റെ നേതൃത്വത്തെയും സഖ്യകക്ഷികളുമായുള്ള അടുത്ത ഏകോപനത്തെയും അഭിനന്ദിക്കുന്നു. പന്ത് ഇപ്പോൾ പുടിന്റെ കോർട്ടിലാണ്. അലാസ്കയിൽ നടക്കാനിരിക്കുന്ന ട്രംപ്-പുടിൻ കൂടിക്കാഴ്ചയെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും വെർച്വൽ മീറ്റിംഗിനെ വളരെ നല്ലത് എന്നാണ് വിശേഷിപ്പിച്ചത്. അലാസ്കയിൽ നടക്കാനിരിക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. ഇന്ന് യൂറോപ്പ്, യുഎസ്, നാറ്റോ എന്നിവ യുക്രൈന് വേണ്ടിയുള്ള പൊതുനിലപാടുകൾ ശക്തിപ്പെടുത്തിയിരിക്കുന്നു എന്നും വോൺ ഡെർ ലെയ്‌ൻ സോഷ്യൽ മീഡിയയിൽ പറഞ്ഞു.