കറാച്ചി: ബലൂചിസ്ഥാനിൽ ഇതാദ്യമായി വനിതാ ചാവേറിനെ ഉപയോഗിച്ച് ബലൂച് ലിബറേഷൻ ഫ്രണ്ട് (ബി എൽ എഫ്). ചഗായ് ജില്ലയിലെ അതീവ സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന ഫ്രണ്ടിയർ കോർപ്സ് (എപ് സി) എന്ന ചൈനീസ് കമ്പനികൾ നടത്തുന്ന സൈൻഡാക്ക്, റെക്കോ ഡിക് ചെമ്പ്-സ്വർണ ഖനന പദ്ധതിയുമായി ബന്ധപ്പെട്ട കെട്ടിടത്തിന് മുന്നിലായിരുന്നു സംഭവം. സറീന റഫീഖ് എന്ന ട്രാംഗ് മഹൂ എന്ന യുവതി വാഹനത്തിലെത്തി ബാരിക്കേഡിനടുത്തുവച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ ആറ് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു.
സ്ഫോടനം നടത്തിയ ചാവേർ സറീന റഫീഖിന്‍റെ ചിത്രം ബി എൽ എഫ് പുറത്തുവിട്ടു. സംഘടനയുടെ എലൈറ്റ് യൂണിറ്റായ ‘സദ്ദോ ഓപ്പറേഷൻ ബറ്റാലിയൻ’ ആണ് സ്ഫോടനം നടത്തിയതെന്ന് ബി എൽ എഫ് വക്താവ് ഗ്വാഹ്‌റാം ബലൂച് അറിയിച്ചു. സ്ഫോടനത്തിലൂടെ പ്രധാന കോമ്പൗണ്ടിലേക്ക് വിമത പോരാളികൾക്ക് വഴി തുറന്നുകൊടുക്കുകയായിരുന്നു ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.
സ്വാതന്ത്ര്യ സമരമെന്ന് ബലൂച് വിശേഷിപ്പിക്കുന്ന ആക്രമണങ്ങളിൽ ഇതുവരെ വനിതാ ചാവേർ ആക്രമണം ബലൂച് ലിബറേഷൻ ഫ്രണ്ട് നടത്തിയിട്ടില്ലായിരുന്നു. ബലൂച് ലിബറേഷൻ ആർമി ഉപയോഗിച്ചിരുന്ന ഇതേ തന്ത്രം ബലൂച് ലിബറേഷൻ ഫ്രണ്ടും ആദ്യമായി പ്രയോഗിച്ചതോടെ ബലൂച് വിമത പ്രസ്ഥാനങ്ങളുടെ തന്ത്രത്തിൽ വലിയ മാറ്റമുണ്ടായെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Baloch Liberation Front uses female suicide bomber for the first time; blows herself up near gold mining center, six soldiers killed












