വീണ്ടും ചോര പൊടിഞ്ഞ് ബംഗ്ലാദേശ്; വിദ്യാർത്ഥി നേതാവിൻ്റെ തലയ്ക്ക് വെടിയേറ്റു, അശാന്തി തുടരുന്നു

ധാക്ക : വിദ്യാർത്ഥി നേതാവായ ഷരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടെ ബംഗ്ലാദേശിലെ നാഷണൽ സിറ്റിസൺ പാർട്ടിയുടെ (NCP) നേതാവായ മറ്റൊരു യുവാവിനുനേരെയും വധ ശ്രമം. മൊതാലെബ് ഷിക്ദർ എന്ന വിദ്യാർത്ഥി നേതാവിൻ്റെ തലയ്ക്കാണ് അജ്ഞാതർ വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച ബംഗ്ലാദേശിലെ ഖുൽനയിൽ വെച്ചാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. അക്രമികൾ ഷിക്ദറുടെ തല ലക്ഷ്യമാക്കി വെടിയുതിർക്കുകയായിരുന്നു. എൻസിപി ഖുൽന ഡിവിഷണൽ ചീഫ്, പാർട്ടിയുടെ തൊഴിലാളി വിഭാഗമായ എൻസിപി ശ്രമിക് ശക്തിയുടെ കേന്ദ്ര സംഘാടകൻ എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിക്കുന്നു.

കഴിഞ്ഞ ആഴ്ച തലയ്ക്ക് വെടിയേറ്റതിനെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച മറ്റൊരു വിദ്യാർത്ഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണവുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണ് പുതിയ സംഭവം. ഇൻക്വിലാബ് മഞ്ച് വക്താവായിരുന്ന ഷരീഫ് ഒസ്മാൻ ഹാദിക്ക് ഡിസംബർ 12-ന് വെടിയേൽക്കുകയും, ഡിസംബർ 18-ന് സിംഗപ്പൂരിലെ ആശുപത്രിയിൽ വെച്ച് മരണപ്പടുകയുമായിരുന്നു. ഈ കൊലപാതകത്തെത്തുടർന്ന് ബംഗ്ലാദേശിൽ വ്യാപകമായ കലാപങ്ങൾ അരങ്ങേറുകയാണ്. മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയും രാഷ്ട്രീയക്കാരുടെ വീടുകൾക്ക് നേരെയും ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യം കടുത്ത രാഷ്ട്രീയ അസ്ഥിരതയിലൂടെയാണ് കടന്നുപോകുന്നത്.

Bangladesh Student Leader Shot In Head.

More Stories from this section

family-dental
witywide