
ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ പുതിയ വിള്ളലിനിടെ ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ എല്ലാ കോൺസുലാർ, വിസ സേവനങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചു. “ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ” കാരണമാണിതെന്ന് ഹൈക്കമ്മീഷന് പുറത്ത് ഒട്ടിച്ച നോട്ടീസിൽ വ്യക്തമാക്കി. ഹൈക്കമ്മീഷൻ മുന്നിലുണ്ടായ പ്രതിഷേധവും സുരക്ഷാ ആശങ്കകളുമാണ് നടപടിക്ക് കാരണമായത്.
ബംഗ്ലാദേശിലെ ഹിന്ദു യുവാവ് ദിപു ചന്ദ്ര ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ഹൈക്കമ്മീഷൻ മുന്നിൽ ചെറിയ സംഘം പ്രകടനം നടത്തിയതാണ് പ്രശ്നങ്ങൾക്ക് തിരി കൊളുത്തിയത്. ഇന്ത്യ ഇതിനെ സാധാരണ പ്രതിഷേധമായി കാണുമ്പോൾ ബംഗ്ലാദേശ് സുരക്ഷാ ഭീഷണിയായി വിലയിരുത്തി. ഇതിന് മറുപടിയായി ഇന്ത്യ ചിറ്റഗോങ്ങിലെ വിസ സെന്റർ അടച്ചതിന് പിന്നാലെയാണ് ഡൽഹിയിലെ നടപടി.
രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പിരിമുറുക്കം വർധിക്കുന്ന സാഹചര്യത്തിലാണ് സേവനങ്ങൾ നിർത്തിവയ്ക്കൽ. ബംഗ്ലാദേശിലെ യുവ നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ഇന്ത്യൻ മിഷനുകൾക്ക് നേരെ തിരിഞ്ഞതും ബന്ധത്തെ ബാധിച്ചു. ഇരു രാജ്യങ്ങളും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടികൾ സ്വീകരിച്ചതെങ്കിലും ഇത് ബന്ധത്തിലെ പുതിയ തണുപ്പിന് കാരണമാകുന്നു.















