
ന്യൂഡല്‍ഹി: രാമനവമി ആഘോഷനിറവില്‍ അബുദാബിയിലെ ലോകപ്രശസ്ത ബിഎപിഎസ് ഹിന്ദു ക്ഷേത്രം. രാമനവമിയും സ്വാമിനാരായണ ജയന്തിയും അത്യധികം ഭക്തിയോടെയും ഗംഭീരമായും ഭക്തര്‍ ആഘോഷിച്ചു. യുഎഇയിലെ സാംസ്‌കാരികവും ആത്മീയവുമായ ഐക്യത്തിന്റെ ഒരു നാഴികക്കല്ലായി അടയാളപ്പെടുത്തുന്ന ആഘോഷപരിപാടിയായിരുന്നു ഇത്.
രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ രാമഭജനകളോടെ ആരംഭിച്ച ചടങ്ങുകള്‍ ഒരു മുഴുവന്‍ ദിവസത്തെ ആഘോഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് ശ്രീരാമ ജന്മോത്സവ ആരതിയും നടന്നതായി ക്ഷേത്രത്തിന്റെ മുഖ്യപുരോഹിതനായ പൂജ്യ ബ്രഹ്‌മവിഹാരി സ്വാമി പറയുന്നു.
‘ശ്രീരാമനോടും ഭഗവാന്‍ സ്വാമിനാരായണനോടും ഉള്ള ഭക്തിയില്‍ ഏകീകൃതരായ ഭക്തരുടെയും സന്ദര്‍ശകരുടെയും വന്‍ പങ്കാളിത്തമാണ് ആഘോഷങ്ങളില്‍ കണ്ടത്. അതിര്‍ത്തികള്‍ക്കപ്പുറം പ്രതിധ്വനിക്കുന്ന സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഹിന്ദു മൂല്യങ്ങളുടെയും ഒരു ദീപസ്തംഭമായി ഈ ആത്മീയ സംഗമം മാറി.’ ക്ഷേത്ര അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
മതസൗഹാര്‍ദ്ദത്തിന്റെയും ഭക്തിയുടെയും ആഗോള ഹിന്ദു അഭിമാനത്തിന്റെയും പ്രതീകമായി നിലകൊള്ളുന്ന ഒന്നാണ് അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം.