ചരിത്രമെഴുതി ബാവുമയും സംഘവും, ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻമാർ, 27 വർഷങ്ങൾക്ക് ശേഷം ഐസിസി കിരീടം; ഓസ്ട്രേലിയക്ക് കണ്ണീർ

ലണ്ടൻ: ലോക ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് കിരീടത്തില്‍ മുത്തമിട്ട് ബാവുമയുടെ സംഘവും ദക്ഷിണാഫ്രിക്കക്ക് വേണ്ടി പുതുചരിത്രമെഴുതി. ഒരു ഐ സി സി കിരീടത്തിനായുള്ള 27 വർഷത്തെ ദക്ഷിണാഫ്രിക്കയുടെ കാത്തിരിപ്പിനാണ് ബാവുമയും കൂട്ടരും അവസാനമിട്ടത്. ഐ സി സി കിരീടത്തിൽ മുത്തമിടുന്ന കറുത്ത വർഗക്കാരനായ ആദ്യ നായകനെന്ന ഖ്യാതിയും ടെംബ ബാവുമ സ്വന്തമാക്കി. എയ്ഡന്‍ മാര്‍ക്രത്തിന്റെ സെഞ്ചുറിയുടെ കരുത്തും ബാവുമയുടെ പോരാട്ട വീര്യവും, റബാദയുടെ പേസ് അറ്റാക്കുമാണ് ദക്ഷിണാഫ്രിക്കയെ ലോക ടെസ്റ്റ് ചാംപ്യന്മാർ ആക്കിയത്.

നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് ചാംമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. 282 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. ജയത്തോടെ ലോകകിരീടം നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി ദക്ഷിണാഫ്രിക്ക. ടെംബ ബവുമയുടെ ക്യാപ്റ്റന്‍സിയില്‍ മത്സരിച്ച 10 മത്സരങ്ങളില്‍ ഒന്‍പതിലും ദക്ഷിണാഫ്രിക്ക പരാജയം അറിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.136 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയെ കിരീടത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ ടെംബ ബാവുമയുടെ (66) ഇന്നിംഗ്‌സും ദക്ഷിണാഫ്രിക്കക്ക് കരുത്തായി. ടെസ്റ്റിലൊന്നാകെ ഒമ്പത് വിക്കറ്റ് നേടിയ കഗിസോ റബാദയുടെ പ്രകടനവും കിരീടനേട്ടത്തിൽ നിർണായകമായി.

207 പന്തുകളില്‍ 136 റണ്‍സെടുത്ത മാര്‍ക്രം വിജയത്തിന് ആറു റണ്‍സ് മാത്രം അകലെയാണ് വീണത്. ഹേസല്‍വുഡിന്റെ പന്തില്‍ ഹെഡ് പിടികൂടുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ നായകന്‍ ടെംബ ബാവുമയുമായി ചേർന്ന് 147 റണ്‍സാണ് മാർക്രം പടുത്തുയർത്തിയത്. ഇതാണ് കളിയിൽ നിർണായകമായത്. കാലിലെ പേശിവലിവ് വലയ്ക്കുമ്പോഴും ടീമിനായി ബവുമ ക്രീസില്‍ നിലയുറപ്പിച്ചു. 134 പന്തുകള്‍ നേരിട്ട ബവുമ 66 റണ്‍സെടുത്താണ് മടങ്ങിയത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. പിന്നീട് വലിയ അപകടമൊന്നും സംഭവിക്കാതെ ദക്ഷിണാഫ്രിക്ക കിരീട വിജയം പിടിച്ചെടുക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്സില്‍ 207 റണ്‍സിനാണ് ഓസ്ട്രേലിയ പുറത്തായത്. ഒന്നാം ഇന്നിങ്സിലെ 74 റണ്‍സ് ലീഡും കൂടിയായപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 281 റണ്‍സിന്റെ ലീഡ് ലഭിച്ചു. 282 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: ഓസ്ട്രേലിയ ഒന്നാമിന്നിങ്‌സ് – 212, രണ്ടാമിന്നിങ്‌സ് – 207. ദക്ഷിണാഫ്രിക്ക- 138, 282/5.

Also Read

More Stories from this section

family-dental
witywide