വാഷിങ്ടൺ: അമേരിക്കയും ഡൊണാൾഡ് ട്രംപും മറ്റ് ചെറിയ രാജ്യങ്ങളോട് കാണിക്കുന്നതുപോലെ ഇന്ത്യയോട് പെരുമാറിയാൽ യു.എസിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്‌ധൻ റിച്ചാർഡ് വോഫ്. റഷ്യൻ മാധ്യമപ്രവർത്തകൻ റിക് സാൻഷെസുമായി നടത്തിയ സംഭാഷണത്തിലാണ് ന്യൂയോർക്കിലെ ന്യൂ സ്കൂൾ യൂണിവേഴ്‌സിറ്റി പ്രൊഫസറും പ്രമുഖ സാമ്പത്തിക വിദഗ്‌ധനുമായ റിച്ചാർഡ് വോഫ് ഇക്കാര്യം വ്യക്തമാക്കിയത്.
മധ്യേഷ്യയിലെ ലെബനോൻ പോലുള്ള ചെറിയ രാജ്യങ്ങളോട് ഇടപെടുന്നതുപോലെയല്ല ഇന്ത്യയോട് പെരുമാറേണ്ടത്. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. റഷ്യയുമായി ദീർഘകാല ബന്ധമുള്ള, ഇന്ത്യയ്ക്കെതിരെ താരിഫ് ഭീഷണിയുമായി മുന്നോട്ടുപോകാനാണ് ട്രംപിന്റെ തീരുമാനമെങ്കിൽ, നിങ്ങൾ വ്യത്യസ്‌തമായൊരു എതിരാളിയെയാണ് നേരിടേണ്ടി വരികയെന്ന് റിച്ചാർഡ് വോഫ് പറഞ്ഞു. ഇന്ത്യയ്ക്കെതിരെ സമ്മർദ്ദം തുടർന്നാൽ അവർ ബ്രിക്‌സ് ഉൾപ്പെടെയുള്ള സമാന്തര സംഘടനകളോട് കൂടുതൽ അടുക്കും.
പാശ്ചാത്യ ഉപരോധം വന്നപ്പോൾ സ്വന്തം ഉത്പന്നങ്ങൾ വിൽക്കാൻ റഷ്യ പുതിയ രാജ്യങ്ങളെ കണ്ടെത്തിയതുപോലെ ഇന്ത്യയും ശ്രമിക്കും. യു.എസിന് പകരം ബ്രിക്സ് രാജ്യങ്ങളുമായുള്ള വ്യാപാരം വർധിക്കും. അത് ബ്രിക്സ് കൂട്ടായ്‌മയെ ശക്തിപ്പെടുത്താനും വളർത്തുന്നതിലേക്കും നയിക്കും. ട്രംപിൻ്റെ നയങ്ങൾ ബ്രിക്‌സിനെ കൂടുതൽ ശക്തിപ്പെടുത്തുകയും വളർത്തുകയും ഒന്നിപ്പിക്കുമെന്നും അങ്ങനെ പാശ്ചാത്യ സഖ്യങ്ങളേക്കാൾ വിജയകരമായൊരു സംവിധാനമായി ബ്രിക് മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.










