
ബ്രസൽസ്: അമേരിക്കയും ഇസ്രയേലും ഉയർത്തുന്ന വെല്ലുവിളികളെ വകവയ്ക്കാതെ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് ബെൽജിയം. പലസ്തീനെ പരമാധികാര രാഷ്ട്രമായി അംഗീകരിക്കാൻ തീരുമാനിച്ചതായാണ് ബെൽജിയം പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പലസ്തീന് അംഗീകാരം നൽകുമെന്ന് ബെൽജിയം വിദേശകാര്യ മന്ത്രി മാക്സിം പ്രെവോട്ട് വ്യക്തമാക്കി. ഗാസയിൽ ഇസ്രയേൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര നിയമലംഘനങ്ങളും വിമർശനത്തിന് വിധേയമായതിന് പിന്നാലെയാണ് ഈ നീക്കം. പലസ്തീനിലെ മാനുഷിക പ്രതിസന്ധി കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ബെൽജിയം പ്രതിരോധ മന്ത്രി സമൂഹമാധ്യമങ്ങളിൽ വിശദമാക്കി. ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ നേരത്തെ സമാനമായ നിലപാട് സ്വീകരിച്ചിരുന്നു.
ഇസ്രയേലിന്റെ ഗാസയിലെ ആക്രമണങ്ങളിൽ 63,000-ലധികം സാധാരണക്കാർ കൊല്ലപ്പെടുകയും 20 ലക്ഷം ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. മനുഷ്യൻ സൃഷ്ടിച്ച ക്ഷാമവും പട്ടിണിമരണങ്ങളും പലസ്തീൻ ജനതയെ വലയ്ക്കുന്നതിനിടെ, മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിന് ഇസ്രയേൽ തടസ്സങ്ങൾ സൃഷ്ടിച്ചതായി യുഎൻ ആരോപിച്ചു. വംശഹത്യ, യുദ്ധകുറ്റങ്ങൾ, വംശീയ ഉന്മൂലനം തുടങ്ങിയ ആരോപണങ്ങൾ ഉയർന്നതോടെ ഇസ്രയേൽ ആഗോളതലത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ, ഹമാസ് പിടിയിലുള്ള ബന്ദികളെ വിട്ടയച്ചാൽ പലസ്തീന്റെ അംഗീകാരം നിലവിൽ വരുമെന്ന് മാക്സിം പ്രെവോട്ട് വ്യക്തമാക്കി.
ഇതിനോടൊപ്പം, ഇസ്രയേലിന് മേൽ ചെറിയ തോതിൽ ഉപരോധം ഏർപ്പെടുത്തുമെന്നും ബെൽജിയം വിദേശകാര്യ മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ ഇസ്രയേലിൽ നിന്നുള്ള ഇറക്കുമതിക്ക് മേൽ ഉപരോധം ഏർപ്പെടുത്താനാണ് തീരുമാനം. ഹമാസിന് പലസ്തീനിൽ ഇനി യാതൊരു അവസരവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ നടപടികൾ ഇസ്രയേലിനെ സമ്മർദ്ദത്തിലാക്കാനും പലസ്തീന്റെ അവകാശങ്ങൾ ഉറപ്പാക്കാനുമുള്ള ബെൽജിയത്തിന്റെ ശക്തമായ നിലപാടിനെ സൂചിപ്പിക്കുന്നു.