ബംഗളുരു: ബംഗളുരുവിലെ ചർച്ച് സ്ട്രീറ്റിൽ സർപ്രൈസായി പാടാനെത്തിയ ബ്രിട്ടീഷ് ഇതിഹാസ ഗായകൻ എഡ് ഷീരാന്‍റെ പാട്ട് തടസ്സപ്പെടുത്തി ബെംഗളൂരു പൊലീസ്. പാട്ടുപാടാനെത്തിയത് ഇതിഹാസ ഗായകാനാണെന്ന് അറിയാതെ ബംഗളുരു പൊലീസ് മൈക്കിന്റെ കണക്ഷൻ ഊരിയെടുക്കുകയായിരുന്നു. മുൻകൂർ അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പറഞ്ഞുകൊണ്ടായിരുന്നു പൊലീസ് നടപടി. ഇതോടെ പാട്ടവസാനിപ്പിച്ച് എഡ് ഷീരാൻ മടങ്ങുകയും ചെയ്തു.
സംഭവം ഇങ്ങനെ
രാവിലെ 11 മണിയോടെയാണ് പ്രമുഖ ബ്രിട്ടീഷ് ഗായകൻ എഡ് ഷീരാൻ ചർച്ച് സ്ട്രീറ്റിൽ പാടാനെത്തിയത്. മുൻകൂറായി അനുമതി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞാണ് ഇതിഹാസ ഗായകന്‍റെ പാട്ട് ബംഗളുരു പൊലീസ് തടസ്സപ്പെടുത്തിയത്. എഡ് ഷീരാനെ ബംഗളൂരു പൊലീസിന് മനസിലായില്ലെങ്കിലും സ്ഥലത്തുണ്ടായിരുന്ന പലരും ആളെ തിരച്ചറിഞ്ഞു. ഇതോടെ ആള് കൂടി, പലരും അദ്ദേഹം പാടുന്നത് മൊബൈലിൽ പകർത്താൻ തുടങ്ങി. പ്രസിദ്ധമായ ‘ഷേപ്പ് ഓഫ് യൂ’ പാടുന്നതിനിടെയാണ് പൊലീസുകാരൻ വന്ന് പാട്ട് നിർത്താൻ പറഞ്ഞത്. എഡ് ഷീരാനാണെന്ന് പറയാൻ ശ്രമിച്ചെങ്കിലും പൊലീസുകാരൻ അത് കേട്ടില്ല. വന്ന് മൈക്കിലേക്കുള്ള കണക്ഷൻ ഊരി സ്ഥലം വിടാൻ എഡ് ഷീരാനോടും ടീമിനോടും പറഞ്ഞു. തുടർന്ന് പാട്ട് അവസാനിപ്പിച്ച് എഡ് ഷീരാൻ മടങ്ങുകയായിരുന്നു.













