
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ് ജങ്ഷൻ എന്നീ മേഖലകളിലൂടെ കടന്നുപോകുന്ന യെല്ലോ ലൈൻ യാത്രാകുരുക്കിന് ഏറെ പരിഹാരമാകുന്ന ബെംഗളൂരുവിലെ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 16 സ്റ്റേഷനുകളുമായി 19 കിലോമീറ്ററാണ് യെല്ലോ ലൈൻ.
25 മിനിറ്റ് കൂടുമ്പോൾ സർവീസ് നടത്തുന്ന മൂന്ന് മെട്രോ ട്രെയിനുകളാണ് ഈ ലൈനിലുള്ളത്. ഇവയെല്ലാം ഡ്രൈവറില്ലാ ട്രെയിനുകളാണ്. പിന്നീട് 20 മിനിറ്റ് ഗ്യാപ്പിൽ സർവീസുകൾ പുനഃക്രമീകരിക്കും. നാളെ മുതൽ യെല്ലോ ലൈൻ റൂട്ടിൽ യാത്ര ചെയ്യാൻ കഴിയും. 5,056.99 കോടി രൂപ ചെലവഴിച്ചാണ് ബെംഗളൂരു മെട്രോ യെല്ലോ ലൈൻ നിർമ്മിച്ചിരിക്കുന്നത്.
ചടങ്ങിൽ ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ടത്തിന്‍റെ ഉദ്ഘാടനവും മോദി നിർവഹിക്കും. 15,611 കോടി രൂപയാണ് നിർമാണച്ചെലവ് വരുന്ന മൂന്നാം ഘട്ടത്തിലെ ഓറഞ്ച് ലൈൻ 44.65 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്.