
ബംഗളൂരു : ആര്‍.സി.ബി ഐപിഎല്‍ കിരീടം നേടിയതിന്റെ വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇക്കാര്യം അറിയിച്ചത്. ഒരു കുട്ടി ഉള്‍പ്പെടെ 11 പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. 47 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂര്‍ണമായും സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദിവ്യാംശി (13), ദിയ (26), ശ്രാവണ്‍ (21), ഭൂമിക്, സഹാന, ദേവി, ശിവു (17), മനോജ് എന്നിവരാണ് മരിച്ചത്. തിരിച്ചറിയാത്ത മൂന്ന് പേരുടെ മൃതദേഹം വൈദേഹി, ബൗറിംഗ് ആശുപത്രികളിലാണ്.
35,000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്റ്റേഡിയമാണ് ചിന്നസ്വാമി. അവിടെ മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് വിജയാഘോഷത്തിനായി തടിച്ച് കൂടിയത്. വിക്ടറി പരേഡിന് അനുമതി നല്‍കിയിരുന്നില്ലെന്നും ഇത്ര അധികം ആളുകള്‍ എത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞ് തടതപ്പിയ മുഖ്യമന്ത്രിക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
മരണസംഖ്യ ഉയരുമ്പോള്‍ ദുരന്തത്തിനിടെയിലും ആഘോഷം നടത്തിയ ടീമിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മരണസംഖ്യ ഉയരുമ്പോഴും വിരാട് കോലി അടക്കമുള്ളവര്‍ ആഘോഷ പരിപാടികളിലായിരുന്നു.