തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കെപിസിസിക്ക് ബലാത്സംഗ പരാതി നൽകിയ 23-കാരിയായ ബെംഗളൂരു സ്വദേശിനി ഉടൻ തന്നെ ക്രൈംബ്രാഞ്ചിന് മുമ്പാകെ മൊഴി നൽകും. പരാതി നൽകിയ ഇ-മെയിൽ വിലാസത്തിലേക്ക് ക്രൈംബ്രാഞ്ച് മൊഴിയെടുക്കാനുള്ള സമയം ആരാഞ്ഞതിന് മറുപടിയായി യുവതി സന്നദ്ധത അറിയിച്ചതോടെയാണ് തീരുമാനമായത്. അതേെസമയം, രേഖാമൂലം പരാതിയും പൊലീസിന് നൽകാനുള്ള ഒരുക്കത്തിലാണ് അവർ.
കെപിസിസി പ്രസിഡന്റിന് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറിയതിന് പിന്നാലെ രാഹുലിനെതിരെ രണ്ടാമത്തെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആ പരാതിയിൽ യുവതി തന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും ക്രൈംബ്രാഞ്ച് നേരത്തെ ബന്ധപ്പെട്ടിരുന്നുവെന്ന് പറഞ്ഞിരുന്നു. അവധിക്ക് നാട്ടിലെത്തിയപ്പോൾ വിവാഹവാഗ്ദാനം നൽകി ഹോംസ്റ്റേയിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം.
പീഡനത്തിന് ശേഷം വിവാഹം കഴിക്കാൻ താല്പര്യമില്ലെന്ന് രാഹുൽ വ്യക്തമാക്കിയതായും പരാതിയിൽ പറയുന്നു. യുവതി നേരിട്ട് ഹാജരാകാനോ വീഡിയോ കോൺഫറൻസ് വഴിയോ മൊഴി നൽകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ക്രൈംബ്രാഞ്ച് ഉടൻ അറിയിക്കും. കേസിൽ ഇതുവരെ രാഹുൽ പിടിയിലാകാത്ത സാഹചര്യത്തിൽ യുവതിയുടെ മൊഴി അന്വേഷണത്തിന് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.










