
ടെൽ അവീവ്: ഗാസ യുദ്ധം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇതിനായി ഹമാസ് ചില വ്യവസ്ഥകൾ അംഗീകരിക്കണമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഹമാസ് ആയുധങ്ങൾ താഴെവെക്കണം. മുഴുവൻ ബന്ദനികളേയും വിട്ടയക്കണം. ഹമാസിന്‍റെ നേതാക്കളെ നാടുകടത്തണം, ഗാസയിൽ ഹമാസിന്‍റെ സേനയെ പൂർണമായും പിൻവലിക്കണം എന്നിങ്ങനെയാണ് നെതന്യാഹു മുന്നോട്ടുവെച്ചിരിക്കുന്ന ആവശ്യങ്ങൾ.
ഗാസയിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളുടെ പേരിൽ യുകെ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇസ്രായേലിനെതിരെ കടുത്ത നിലപാടുമായി രംഗത്തെത്തുന്നതിനിടെയാണ് നെതന്യാഹു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സ്രായേലിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്ന മുന്നിറിയിപ്പുമായി യുകെയും ഫ്രാൻസും കാനഡയും അറിയിച്ചിരുന്നു. ഗാസയിലെ സൈനിക നടപടികൾ നിർത്താതിരിക്കുകയും കൂടുതൽ സഹായം അനുവദിക്കാതിരിക്കുകയും ചെയ്താൽ ഉപരോധം ഉൾപ്പടെയുള്ള നടപടികൾ ആലോചിക്കുമെന്നാണ് രാജ്യങ്ങൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ഗാസ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ലോകരാജ്യങ്ങളുടെ പിന്തുണയുമായി രംഗത്ത് വന്നത്. ഗാസയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14,000 കുട്ടികൾ മരിക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഭക്ഷ്യവസ്തുക്കളുമായി കൂടുതൽ ട്രക്കുകൾ ഗാസയിലേക്ക് എത്തിയില്ലെങ്കിൽ വലിയ ദുരന്തമാണ് മേഖലയെ കാത്തിരിക്കുന്നതെന്നും യുഎൻ മുന്നറിയിപ്പ് നൽകി.