
ജെറുസലേം: ഗാസ സിറ്റിയിലെ ജനങ്ങളോട് ഉടൻ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ സൈനിക നടപടികൾ ശക്തമാക്കാനുള്ള ഇസ്രയേലിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. “നിങ്ങൾ ഉടനടി ഗാസ വിടണം, ഇത് ഒരു മുന്നറിയിപ്പാണ്,” നെതന്യാഹു വ്യക്തമാക്കി. ഗാസ സിറ്റിയിൽ ഇസ്രയേൽ സൈന്യത്തെ വിന്യസിച്ചതായും അദ്ദേഹം അറിയിച്ചു. ജെറുസലേമിലെ ബസ് സ്റ്റോപ്പിൽ നേരത്തെ നടന്ന വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ ഇസ്രയേൽ ശക്തമാക്കിയാതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്.
ജെറുസലേമിലെ വെടിവെപ്പിൽ ആറോളം പേർ കൊല്ലപ്പെടുകയും ഗർഭിണി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് തോക്കുധാരികൾ നടത്തിയ ഈ ആക്രമണത്തിൽ, ആക്രമകാരികളെ ഇസ്രയേൽ പോലീസ് വധിച്ചതായി അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദികളുടെ കൈവശം നിന്ന് സ്ഫോടക വസ്തുക്കളും കത്തിയും കണ്ടെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. നെതന്യാഹു സംഭവസ്ഥലം സന്ദർശിക്കുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ, ഈ ആക്രമണത്തെ ഹമാസ് അഭിനന്ദിക്കുകയും ഇസ്രയേലിന്റെ സൈനിക നടപടികൾക്കുള്ള പ്രതികരണമായി ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തു.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക ആക്രമണങ്ങൾ തുടരുകയാണ്. ഇന്ന് മാത്രം ഗാസ സിറ്റിയിൽ 32 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രമോട്ട് ജംഗ്ഷന് സമീപം രാവിലെ 10.15ന് ബസ് കാത്തുനിന്നവർക്ക് നേരെയാണ് വെടിവെപ്പ് നടന്നത്. ഈ സംഭവങ്ങൾ പ്രദേശത്തെ സംഘർഷം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ഇസ്രയേലിന്റെ തുടർനടപടികളും ഹമാസിന്റെ പ്രതികരണവും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തൽ.













