
സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കിടെ റെക്കോർഡ് മദ്യവിൽപ്പനയുമായി ബെവ്കോ. ഡിസംബർ 22 മുതൽ 25 വരെയുള്ള നാല് ദിവസങ്ങളിലായി 332.62 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 19 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 24-ന് മാത്രം 114.45 കോടി രൂപയുടെ മദ്യം വിറ്റുപോയി. മുൻവർഷം ഇതേദിവസം ഇത് 98.98 കോടി രൂപയായിരുന്നു.
സംസ്ഥാനത്തുടനീളം ബെവ്കോ നടപ്പിലാക്കിയ നവീകരണ പ്രവർത്തനങ്ങളും പുതിയ പ്രീമിയം കൗണ്ടറുകളുടെ ലഭ്യതയുമാണ് ഈ റെക്കോർഡ് വിൽപ്പനയ്ക്ക് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. തൃശൂർ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ പുതുതായി ആരംഭിച്ച പ്രീമിയം കൗണ്ടറുകൾ ഉപഭോക്താക്കളെ വലിയ രീതിയിൽ ആകർഷിച്ചു. തിരക്ക് കുറയ്ക്കുന്നതിനായി സൗകര്യങ്ങൾ വർധിപ്പിച്ചതും പ്രീമിയം ബ്രാൻഡുകൾ ലഭ്യമാക്കിയതും വരുമാനം വർധിക്കാൻ ഇടയാക്കി.













