
കണ്ണൂർ: ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് ഷെറിൻ കണ്ണൂർ സെന്‍റർ ജയിലിൽ നിന്ന് മോചിതയായത്. ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നൽകി ജയിലിൽനിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്‍റെ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിൽനിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. കൊച്ചിയിൽ നിന്നെത്തിയ ബന്ധുക്കൾ ആണ് ഷെറിനെ കൂട്ടി കൊണ്ടുപോകാൻ എത്തിയതെന്നാണ് സൂചന. ഷെറിനെ പുറത്തിറക്കുന്ന നടപടികൾ എല്ലാം അതീവ രഹസ്യമായിരുന്നു.
ഷെറിന് ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന സർക്കാർ ശുപാർശ വൻ വിവാദങ്ങൾക്കിടയാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും രാജ്ഭവൻ വ്യക്തത തേടുകയും ചെയ്തു. 2009-ലാണ് ഭർതൃപിതാവായ ഭാസ്കരകാരണവരെ ഷെറിനും മറ്റു മൂന്നുപ്രതികളും ചേർന്ന് വീടിനുള്ളിൽവെച്ച് കൊലപ്പെടുത്തിയത്.