
വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. വളരെ വേഗത്തില്‍ പടരുന്ന വിഭാഗത്തിലുള്ള പ്രോസ്റ്റേറ്റ് കാന്‍സറാണ് ബൈഡന് സ്ഥിരീകരിച്ചിട്ടുള്ളത്. ജോ ബൈഡന്റെ ഓഫീസ് ഇന്നലെ നല്‍കിയ പ്രസ്താവനയില്‍ ആണ് രോഗവിവരം സ്ഥിരീകരിച്ചത്. രോഗം വളരെ രൂക്ഷമായ നിലയിലാണുള്ളതെന്നും റിപ്പോര്‍ട്ടുണ്ട്.
രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച 82 കാരനായ അദ്ദേഹത്തെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയനാക്കിയതായി വക്താവ് കെല്ലി സ്‌കള്ളി ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
രോഗനിര്‍ണയത്തിന്റെ പശ്ചാത്തലത്തില്‍ ഗ്ലീസണ്‍ സ്‌കോര്‍ 9 എന്നാണ് ബൈഡന്റെ അവസ്ഥയുള്ളത്. മൈക്രോസ്‌കോപ്പിന് കീഴിലുള്ള കാന്‍സര്‍ കോശങ്ങളുടെ രൂപത്തെ അടിസ്ഥാനമാക്കി പ്രോസ്റ്റേറ്റ് കാന്‍സറിന്റെ ആക്രമണാത്മകത വിലയിരുത്താന്‍ ഉപയോഗിക്കുന്ന ഒരു ഗ്രേഡിംഗ് സംവിധാനമാണ് ഗ്ലീസണ്‍ സ്‌കോര്‍. ഇത് 6 മുതല്‍ 10 വരെയാണ്, ഉയര്‍ന്ന സ്‌കോറുകള്‍ കൂടുതല്‍ ആക്രമണാത്മക കാന്‍സറിനെ സൂചിപ്പിക്കുന്നു. 9 എന്ന സ്‌കോര്‍ ഏറ്റവും ഉയര്‍ന്നതാണ്, ഇത് വളരെ ആക്രമണാത്മകമായ ഒരു രൂപത്തെ സൂചിപ്പിക്കുന്നു.