
ഷിക്കാഗോ: ജനുവരി 20 ന് വൈറ്റ് ഹൗസ് വിട്ടതിനുശേഷം നടത്തിയ ആദ്യ പൊതു പ്രസംഗത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ സാമൂഹിക സുരക്ഷയോടുള്ള സമീപനത്തെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സാമ്പത്തിക കാരണം അടക്കം ചൂണ്ടിക്കാട്ടി വിവിധ മേഖലകളിലെ വെട്ടിക്കുറയ്ക്കലുകളും അത് ബാധിക്കുന്ന ദശലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ അപകടത്തിലാകുന്നുവെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.
ഷിക്കാഗോയിലെ മാഗ്‌നിഫിസന്റ് മൈലിലെ സോഫിറ്റെല്‍ ഹോട്ടലില്‍ ചൊവ്വാഴ്ച നടത്തിയ വൈകല്യമുള്ള ആളുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷകരുടെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബൈഡന്‍. സാമൂഹിക സുരക്ഷ സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു കൂട്ടം അഭിഭാഷകര്‍, കൗണ്‍സിലര്‍മാര്‍, വൈകല്യമുള്ളവരുടെ കൂട്ടായ്മ പ്രതിനിധികള്‍ (ACRD) എന്നിവരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഏകദേശം 30 മിനിറ്റിന് അദ്ദേഹം സംസാരിച്ചു. മുമ്പ് പലപ്പോഴും സംസാരിക്കാറുള്ളതുപോലെ അദ്ദേഹത്തിന്റെ സ്വരം ഇടയ്ക്ക് ഇടറുകയും കൃത്യമായി കേള്‍ക്കാനാവാത്ത തരത്തിലുമായിരുന്നു. മുമ്പും ഇതേ കാരണത്താല്‍ അദ്ദേഹം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ബൈഡന്‍ പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും – അദ്ദേഹത്തെ ”ഈ വ്യക്തി” എന്ന് പരാമര്‍ശിച്ചുകൊണ്ടാണ് വിമര്‍ശനം തുടര്‍ന്നത്.
”100 ദിവസത്തിനുള്ളില്‍, ഈ പുതിയ ഭരണകൂടം വളരെയധികം… നാശനഷ്ടങ്ങള്‍ വരുത്തിവച്ചു” എന്ന് ഭരണകൂടത്തിന്റെ ആദ്യകാല നടപടികളോടുള്ള തന്റെ വിയോജിപ്പ് അദ്ദേഹം വ്യക്തമാക്കി. ദേശീയ ഐക്യത്തിന്റെ അവസ്ഥയെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ”നമ്മള്‍ വിഭജിക്കപ്പെട്ടിരിക്കുന്നതുപോലെ, വിഭജിക്കപ്പെട്ട ഒരു രാഷ്ട്രമായി നമുക്ക് ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ല,” അദ്ദേഹം പറഞ്ഞു. ”ഞാന്‍ പറഞ്ഞതുപോലെ, ഞാന്‍ വളരെക്കാലമായി ഈ ജോലി ചെയ്തു. ഇത്രയും വിഭജിക്കപ്പെട്ടിട്ടില്ല”- ബൈഡന്‍ പറഞ്ഞു.
അതേസമയം, ബൈഡന്റെ പ്രസംഗത്തോടെ വളരെപ്പെട്ടെന്നുതന്നെ വൈറ്റ് ഹൗസ് പ്രതികരിച്ചു. ബൈഡന് ശാസനയോടെയാണ് വൈറ്റ് ഹൗസ് വക്താവ് സ്റ്റീവന്‍ ച്യൂങ് മറുപടി നല്‍കിയത്. ബൈഡന്റെ പരാമര്‍ശങ്ങളെയും മാനസിക തീവ്രതയെയും കഠിനമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ബൈഡന്റേത് പരസ്പര ബന്ധമില്ലാത്ത പ്രസംഗമായിപ്പോയെന്നും മനസ് ദുര്‍ബലമാണെന്നും ച്യൂങ് പറഞ്ഞു. മാത്രമല്ല
”സാമൂഹിക സുരക്ഷ സംരക്ഷിക്കുമെന്നും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളുടെ നികുതി അവസാനിപ്പിച്ചുകൊണ്ട് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന ശമ്പളം വീട്ടിലേക്ക് കൊണ്ടുപോകുമെന്നും പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തിട്ടുണ്ട്. മറിച്ചു പറയുന്ന ആരെങ്കിലും വിഡ്ഢിയോ അല്ലെങ്കില്‍ നുണയനോ ആകാം, അല്ലെങ്കില്‍ ബൈഡന്റെ കാര്യത്തില്‍ ഇത് രണ്ടുമാകാം എന്നും” ച്യൂങ് വിമര്‍ശിച്ചു.
ചൊവ്വാഴ്ചത്തെ പ്രസംഗത്തിന് മുമ്പ്, കഴിഞ്ഞ മാസം നടന്ന നാഷണല്‍ ഹൈസ്‌കൂള്‍ മോഡല്‍ യുണൈറ്റഡ് നേഷന്‍സ് പരിപാടിയിലെ പ്രസംഗമായിരുന്നു അധികാരം വിട്ടശേഷം ബൈഡന്റെ അറിയപ്പെടുന്ന ഒരേയൊരു പൊതു പരിപാടിയും പ്രസംഗവും. എന്നാല്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഒരു പരിപാടിയായിരുന്നു ഇത്. ദീര്‍ഘകാലത്തെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് ശേഷമാണ് ബൈഡന്‍ കഴിഞ്ഞദിവസം പൊതുജനങ്ങള്‍ക്ക് മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. പ്രത്യേകിച്ച് കഴിഞ്ഞ ജൂണില്‍ ട്രംപിനെതിരായ ഒരു മോശം സംവാദ പ്രകടനത്തെത്തുടര്‍ന്ന്, വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന തീരുമാനം എടുത്ത ശേഷം. ആ സംവാദത്തിനിടെ, തന്റെ ചിന്തകള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ ബൈഡന്‍ നന്നേ പാടുപെട്ടു. പറയാനുള്ളത് കൃത്യമായി പറയാനാകാതെ പലപ്പോഴും വാക്കുകള്‍ തപ്പിത്തടഞ്ഞാണ് ബൈഡന്‍ പ്രസംഗിച്ചത്. ഇത് അദ്ദേഹത്തിന്റെ പ്രായത്തെയും, ആരോഗ്യത്തെയും, ഓര്‍മ്മക്കുറവിനെയും കുറിച്ചുള്ള ആശങ്കകള്‍ ശക്തിപ്പെടുത്തി.