അമേരിക്കക്ക് പ്രഹരം, ഡോളറിന് തിരിച്ചടി; ഇന്ത്യ-റഷ്യ വ്യാപാരം ഇനി രൂപയിലും റൂബിളിലും മാത്രം: ഇന്ത്യക്ക് നന്ദി പറഞ്ഞ് പുതിൻ

ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ഇടപാടുകളിൽ ഡോളറിനെ പൂർണമായി ഒഴിവാക്കി രൂപയും റൂബിളും മാത്രമായി മാറ്റുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഹൈദരാബാദ് ഹൗസിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിലാണ് പുതിൻ ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര വ്യാപാരത്തിൽ ഡോളറിന്റെ ആധിപത്യം ക്രമേണ കുറയ്ക്കാനുള്ള ബി.ആർ.ഐ.സി.എസ്. രാജ്യങ്ങളുടെ കൂട്ടായ തീരുമാനത്തിന്റെ ഭാഗമായാണ് ഇന്ത്യ-റഷ്യ നീക്കം.

ഇന്ത്യയിൽ ലഭിച്ച “അസാധാരണ ഊഷ്മള സ്വീകരണ”ത്തിന് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച പുതിൻ, മോദിയുമായുള്ള ചർച്ച “വളരെ ഫലപ്രദവും സൗഹൃദപരവുമായിരുന്നു”വെന്ന് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്ന നിരവധി കരാറുകളിൽ എത്തിച്ചേർന്നതായും അദ്ദേഹം പറഞ്ഞു.

പഹൽഗാമിലെയും ക്രോക്കസ് സിറ്റി ഹാളിലെയും ഭീകരാക്രമണങ്ങൾക്ക് “ഒരേ വേരുകളാണ്” ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി മോദി, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും റഷ്യയും എന്നും ഒന്നിച്ച് നിൽക്കുമെന്ന് ഉറപ്പുനൽകി. “വരുംകാലങ്ങളിൽ ആഗോള വെല്ലുവിളികളെ നേരിടാൻ നമ്മുടെ സൗഹൃദം നമ്മെ സഹായിക്കുമെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു” – പുതിനെ നോക്കിയാണ് മോദി ഇത് പറഞ്ഞത്.

ദേശീയ കറൻസികളിലേക്കുള്ള പേയ്മെന്റ് സെറ്റിൽമെന്റിലേക്ക് ക്രമേണ മാറുമെന്നും പുതിൻ ആവർത്തിച്ചു. ഇതോടെ ഇന്ത്യ-റഷ്യ വ്യാപാരം പൂർണമായും രൂപയിലും റൂബിളിലും നടക്കുന്ന ആദ്യത്തെ പ്രധാന ഇടപാടുകളിൽ ഒന്നായി മാറും. സാങ്ക്ഷൻ ഭീഷണികൾക്കിടയിലും റഷ്യയുമായുള്ള വ്യാപാരം 2024-ൽ 65 ബില്യൺ ഡോളർ കടന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിൽ ഇന്ത്യ സജീവമായി പങ്കെടുക്കുമെന്നും സംയുക്ത ഉൽപ്പാദനവും നൂതന സംരംഭങ്ങളും ശക്തിപ്പെടുത്തുമെന്നും മോദി അറിയിച്ചു. ആഗോള ഡി-ഡോളറൈസേഷൻ ചർച്ചകൾക്ക് ശക്തി പകരുന്ന നീക്കമെന്ന നിലയിൽ ലോകശ്രദ്ധ നേടിയേക്കാവുന്ന പ്രഖ്യാപനമാണ് പുതിന്റേതെന്ന് വിലയിരുത്തപ്പെടുന്നു.

More Stories from this section

family-dental
witywide