
ബിഹാർ തെരഞ്ഞെടുപ്പിലെ മഹാവിജയത്തിന്റെ തിളക്കത്തിൽ എൻഡിഎ. 243 ൽ 202 സീറ്റും കൈപ്പിടിയിലാക്കിയാണ് ജെ ഡി യു – ബി ജെ പി സഖ്യം അധികാരമുറപ്പിച്ചത്. പ്രചരണത്തിന് നേതൃത്വം നൽകിയ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് നിലവിലെ ധാരണ. രണ്ട് ഉപമുഖ്യമന്ത്രി പദങ്ങളും ബിജെപി തൽക്കാലം കൈവശപ്പെടുത്തും. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് 18-ന് നടക്കാനാണ് സാധ്യത. നിതീഷിനെ മുഖമായി അവതരിപ്പിച്ച പ്രചാരണം മികച്ച വിജയത്തിൽ കലാശിച്ചതോടെ, ബിജെപി ആദ്യം മൗനം പാലിച്ചെങ്കിലും പിന്നീട് നിതീഷിനെ തന്നെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി.
കേന്ദ്രത്തിൽ ജെഡിയുവിന്റെ 12 സീറ്റുകളുടെ ബലത്തിൽ നിലനിൽക്കുന്ന ബിജെപിക്ക് തൽക്കാലം നിതീഷിനെ പിണക്കാനാവില്ല. ഫലപ്രഖ്യാപനത്തിന് പിന്നാലെ ജെഡിയു നിതീഷിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. എന്നാൽ, അഞ്ച് വർഷം മുഴുവൻ നിതീഷിനെ നിലനിർത്തുമോ എന്നത് ചോദ്യമാണ്. അനാരോഗ്യം പ്രധാന കാരണമാകാം. ചിരാഗ് പാസ്വാൻ, ജിതൻറാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ തുടങ്ങിയവരെ ഒപ്പം ചേർത്താൽ ബിജെപിക്ക് നിതീഷിനെ മറികടക്കാൻ ശക്തി ലഭിക്കും, വിലപേശലുകൾ ഒഴിവാക്കാം.
നിലവിലെ ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരിയും വിജയ്കുമാർ സിൻഹയും തുടരാനിടയില്ല. നേതൃത്വവുമായി അടുപ്പമുള്ള സമ്രാട്ടിനെ മാത്രം പരിഗണിച്ചേക്കാം. വൻ മുന്നേറ്റം നടത്തിയ ചിരാഗ് പാസ്വാൻ ഉപമുഖ്യമന്ത്രി പദത്തിൽ അവകാശവാദം ഉന്നയിക്കാനുള്ള സാധ്യതയും നിലവിലുണ്ട്. പതിനെട്ടാം നിയമസഭയിൽ വീണ്ടും കരീടം ചൂടിയതോടെ നിതീഷ് കുമാർ തത്കാലം സേഫാണ്.
















