H-1B വിസ പുതുക്കുന്നതിനായി ഈ മാസം ഇന്ത്യയിലേക്ക് വന്ന നിരവധി ഇന്ത്യൻ ഐടി വിദഗ്ധർ അമേരിക്കയിലേക്ക് തിരികെ പോകാനാകാതെ കുടുങ്ങിയ സംഭവത്തിൽ യുഎസ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഇമിഗ്രേഷൻ അഭിഭാഷകർ. “ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ കുഴപ്പം” എന്നാണ് ഇമിഗ്രേഷൻ അഭിഭാഷകർ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. യുഎസ് കോൺസുലേറ്റുകൾ H-1B വിസ പുതുക്കൽ അപ്പോയിന്റ്മെന്റുകൾ അപ്രതീക്ഷിതമായി മാറ്റിയതോടെയാണ് പ്രശ്നം രൂക്ഷമായത്.
ഡിസംബർ 15 മുതൽ 26 വരെ നിരവധി ഇന്ത്യൻ ഹൈ-സ്കിൽഡ് തൊഴിലാളികളുടെ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കിയെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഹ്യൂസ്റ്റണിലെ റെഡി ന്യൂമാൻ ബ്രൗൺ പി.സി. എന്ന ഇമിഗ്രേഷൻ സ്ഥാപനത്തിലെ പങ്കാളിയായ എമിലി ന്യൂമാൻ, ഇന്ത്യയിലെ ഇമിഗ്രേഷൻ അഭിഭാഷക വീണ വിജയ് അനന്ത്, അറ്റ്ലാന്റയിൽ പ്രവർത്തിക്കുന്ന ചാൾസ് കുക്ക് എന്നിവരെയും റിപ്പോർട്ടിൽ ഉദ്ധരിച്ചിട്ടുണ്ട്.
ഇന്ത്യയിൽ കുടുങ്ങിയ 100-ലധികം ക്ലയന്റുകൾ തനിക്കുണ്ടെന്നും മറ്റുള്ളവർ ഓരോരുത്തർക്കും പത്തോളം കേസുകൾ ഉണ്ടെന്നും ന്യൂമാൻ പറഞ്ഞു.“ഈ ആളുകൾക്കായി കമ്പനികൾ എത്രകാലം കാത്തിരിക്കും?” എന്നും ന്യൂമാൻ ചോദിച്ചു. “ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ കുഴപ്പമാണിത്. ഇതിന് പിന്നിൽ വ്യക്തമായൊരു പദ്ധതി ഉണ്ടോയെന്ന് പോലും അറിയില്ല,” എന്ന് വീണ വിജയ് അനന്തും വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു.
2025 ഏപ്രിലിലെ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) റിപ്പോർട്ട് പ്രകാരം, H-1B വിസ കൈവശമുള്ളവരിൽ 71 ശതമാനവും ഇന്ത്യക്കാരാണ്. ഡൊണാൾഡ് ട്രംപ് ഭരണകൂടം കൊണ്ടുവന്ന പുതിയ സോഷ്യൽ മീഡിയ പരിശോധന നയത്തിന്റെ ഭാഗമായാണ് വിസ ഇന്റർവ്യൂകൾ വൈകുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു. “യുഎസ് ദേശീയ സുരക്ഷയ്ക്കോ പൊതുസുരക്ഷയ്ക്കോ ഭീഷണിയാകുന്ന അപേക്ഷകരില്ലെന്ന് ഉറപ്പാക്കാനാണ്” ഈ പരിശോധനയെന്നും റിപ്പോർട്ടിൽ പറയുന്നു.
മുമ്പ് വിസ പ്രോസസിംഗ് വേഗത്തിലാക്കുന്നതിലായിരുന്നു ശ്രദ്ധ. ഇപ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള എംബസികളും കോൺസുലേറ്റുകളും ഓരോ വിസ അപേക്ഷയും കൃത്യമായി പരിശോധിക്കുന്നതിലേക്കാണ് മുൻഗണന നൽകുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് വ്യക്തമാക്കി.
ഡിസംബർ 10-ന് ഇന്ത്യയിലെ യുഎസ് എംബസിയും പ്രസ്താവന പുറത്തിറക്കി. H-1B പ്രത്യേക തൊഴിൽ വിഭാഗം ജീവനക്കാരും അവരുടെ H-4 ആശ്രിതരുമടങ്ങുന്നവരുടെ സോഷ്യൽ മീഡിയയും ഓൺലൈൻ സാന്നിധ്യവും കൂടുതൽ വിശദമായി പരിശോധിക്കുന്നതായി അതിൽ വ്യക്തമാക്കി. ഇതിനുമുമ്പ് വിദ്യാർത്ഥി, എക്സ്ചേഞ്ച് വിസകളായ F, M, J വിഭാഗങ്ങൾക്കായിരുന്നു ഇത്തരം പരിശോധന. ഡിസംബർ 15 മുതൽ H-1B, H-4 അപേക്ഷകരെയും ഇതിൽ ഉൾപ്പെടുത്തുമെന്ന് എംബസി വ്യക്തമാക്കി.
അതേസമയം, ജൂലൈയിൽ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചത്, സെപ്റ്റംബർ 2 മുതൽ H-1B വിസ ഉടമകൾക്കും H-4 ആശ്രിതർക്കും മൂന്നാം രാജ്യങ്ങളിൽ വിസ പുതുക്കാൻ അനുവദിക്കില്ലെന്നാണ്. സെപ്റ്റംബർ 19-ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ H-1B അപേക്ഷകൾക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തുന്ന ഉത്തരവിലും ഒപ്പുവച്ചു. ഈ പുതിയ ഫീസ്, സെപ്റ്റംബർ 21ന് ശേഷം പുതിയ H-1B അപേക്ഷ നൽകുന്നവർക്കും H-1B വിസയിൽ പ്രവേശിക്കുന്ന വ്യക്തികൾക്കും കമ്പനികൾക്കും മാത്രമാണ് ബാധകമാകുക.
‘Biggest mess I’ve ever seen’: Immigration lawyers on Indians stranded after H-1B visa renewal delays













