
തിരുവനന്തപുരം: കെപിസിസി സോഷ്യൽ മീഡിയ ചുമതലയിൽ നിന്നും വി ടി ബൽറാമിനെ ഒഴിവാക്കുന്നു. കെപിസിസിയുടെ ഔദ്യോഗിക എക്സ് പേജിൽ വന്ന ബിഹാർ ബീഡി പോസ്റ്റ് വിവാദമായ സാഹചര്യത്തിലാണ് ഡിജിറ്റൽ മീഡിയ തലവൻ വി ടി ബൽറാമിനെതിരെ നേതൃത്വം കടുത്ത നടപടിക്കൊരുങ്ങിയത്. സംഭവത്തിൽ കെപിസിസി അധ്യക്ഷൻ വി ടി ബൽറാമിനോട് വിശദീകരണം തേടുകയും ചുമതല ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വിവാദ പോസ്റ്റിൽ കേന്ദ്ര നേതൃത്വം കെപിസിസി നേതൃത്വത്തോട് വിശദീകരണം തേടി. ഡിജിറ്റൽ മീഡിയ വിഭാഗത്തിനെതിരെ നടപടി എടുക്കാനും കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിരുന്നു. ‘ബിഹാർ ബീഡി’ പരാമർശത്തിൽ പിഴവ് വരുത്തിയവർക്കെതിരെ കർശന നടപടി വേണമെന്നായിരുന്നു ഹൈക്കമാൻഡിൻ്റെ കർശന നിർദ്ദേശം. ഹൈക്കമാൻഡ് കർശന നിലപാട് സ്വീകരിച്ചത്. ബിഹാറും ബീഡിയും തുടങ്ങുന്നത് ‘ബി’ എന്ന അക്ഷരത്തിലാണ്, ഇതാണ് ബീഡിയുടെ ജിഎസ്ടി കുറയ്ക്കാൻ കാരണം എന്നായിരുന്നു കെപിസിസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിലുണ്ടായിരുന്നത്.
ഈ പരിഹാസ പോസ്റ്റിനെ ചൊല്ലി വലിയ വിവാദമാണ് ഉയർന്നത്. ബിഹാറിനെ അപമാനിച്ചുവെന്ന് ബിജെപി ആരോപണം ഉയർത്തുകയായിരുന്നു. കോൺഗ്രസുകാർ വിഡ്ഢികളെന്ന് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയും വിമർശിച്ചിരുന്നു. വിവാദ പരാമർശത്തിൽ കോൺഗ്രസിനെതിരെ ബിജെപി പ്രതിഷേധം കടുപ്പിച്ച പശ്ചാത്തലത്തിലാണ് നടപടികൾ.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബിഹാറിൽ വോട്ടർ അധികാർ യാത്ര നടത്തിയതിന് പിന്നാലെ കേരളത്തിലെ സോഷ്യൽ മീഡിയ വിഭാഗം വരുത്തിയ പിഴവ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ബിഹാറിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തേജസ്വി യാദവും രാഹുൽ ഗാന്ധിയും ബിഹാർ കേന്ദ്രീകരിച്ച് നടത്തുന്ന നീക്കങ്ങളുടെ മുൻയൊടിക്കുന്നതാണ് വിവാദ പോസ്റ്റെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ വിലയിരുത്തൽ.