ഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെയും പ്രതിപക്ഷ മഹാസഖ്യത്തിന്റെയും കനത്ത തോൽവി ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ മാറ്റം വരണമെന്ന ആവശ്യത്തിന് തിരി കൊളുത്തി. സമാജ്‌വാദി പാർട്ടി എംഎൽഎ രവിദാസ് മെഹ്രോത്ര പാർട്ടി നേതാവ് അഖിലേഷ് യാദവിന് മുന്നണി ഫലപ്രദമായി നയിക്കാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. യുപിയിലെ അടുത്ത തിരഞ്ഞെടുപ്പിൽ സമാജ്‌വാദി സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ലോക്സഭയിൽ കോൺഗ്രസിന് ശേഷം ഏറ്റവും കൂടുതൽ എംപിമാരുള്ളത് സമാജ്‌വാദി പാർട്ടിയാണ്, 37 സീറ്റുകൾ നേടിയിരിക്കുന്നു.
ബിഹാറിൽ ബാലറ്റ് പേപ്പർ രീതിയിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ പ്രതിപക്ഷം ജയിച്ചേനെ എന്നും ലഖ്നൗ സെൻട്രൽ എംഎൽഎ രവിദാസ് മെഹ്രോത്ര ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്കെതിരെ സമാജ്‌വാദി പാർട്ടി ആവർത്തിച്ച് ബാലറ്റ് സംവിധാനത്തിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ബിഹാറിൽ വെറും 6 സീറ്റുകൾ മാത്രം നേടിയ കോൺഗ്രസിന്റെ പ്രകടനം മുന്നണിയിലെ മറ്റ് പാർട്ടികളിൽ നിരാശ സൃഷ്ടിച്ചു. രാഹുൽ ഗാന്ധിയടക്കം മുതിർന്ന നേതാക്കൾ തമ്പടിച്ച് നടത്തിയ പ്രചാരണത്തിനിടയും ഫലം നിരാശജനകമായി.
നേരത്തെ തൃണമൂൽ കോൺഗ്രസ് എംപി കല്യാണ്ബാനർജി മുന്നണി നേതൃത്വം തൃണമൂലിന് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിഹാർ തോൽവി കോൺഗ്രസിനെ തിരിച്ചറിയാൻ പ്രേരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ബിജെപിയെ ‘മോഷണക്കൂട്ടം’ എന്ന് വിമർശിച്ച് തിരഞ്ഞെടുപ്പി വിശകലനത്തിന് തയ്യാറാണെന്ന് പ്രതികരിച്ചു. 2027-ലെ യുപി തിരഞ്ഞെടുപ്പിന് മുന്നണി ഐക്യം നിലനിർത്തുമോ എന്ന ചോദ്യം ഇപ്പോൾ രാഷ്ട്രീയത്തിൽ പ്രധാനമാണ്.











