
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ തോൽവിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഫലം ആശ്ചര്യപ്പെടുത്തിയെന്നും മഹാസഖ്യത്തിന് വോട്ട് ചെയ്തവർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. തുടക്കം മുതൽ ശരിയായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് ആരോപിച്ച രാഹുൽ, ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നതെന്ന് വ്യക്തമാക്കി.
ഇന്ത്യ സഖ്യവും കോൺഗ്രസും ഫലം സൂക്ഷ്മമായി പരിശോധിക്കുമെന്നും ജനാധിപത്യ സംരക്ഷണത്തിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു. അതേസമയം, ബിഹാറിലെ NDAയുടെ വമ്പൻ വിജയത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. കോൺഗ്രസ് മുസ്ലിം ലീഗ്-മാവോവാദി പാർട്ടിയായി മാറിയെന്നും സ്വയം മുങ്ങുന്ന കോൺഗ്രസ് സഖ്യകക്ഷികളെയും മുക്കുകയാണെന്നും മോദി ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ കോൺഗ്രസിന്റെ ആരോപണങ്ങൾ ജനങ്ങൾ തള്ളിയെന്ന് ചൂണ്ടിക്കാട്ടിയ മോദി, ബിഹാർ വിജയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബിജെപി പ്രചാരണത്തിന് വലിയ ഊർജമാണെന്ന് പറഞ്ഞു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ആഘോഷത്തിൽ സംസാരിച്ച മോദി, നിതീഷ് കുമാറിനെയോ മുഖ്യമന്ത്രി സ്ഥാനത്തെയോ കുറിച്ച് പരാമർശിച്ചില്ല.
















