
ന്യൂഡൽഹി: 243 സീറ്റുകളുള്ള ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ സീറ്റ് വിഭജനം പൂർത്തിയായി. മുന്നണിയിലെ പ്രമുഖരായ ബിജെപിയും നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡും 101 സീറ്റുകളിൽ വീതമാണ് മത്സരിക്കുന്നത്. ചിരാഗ് പസ്വാൻ്റെ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) 29 സീറ്റുകളിലും ജനവിധി തേടും. സീറ്റ് വിഭജനം സംബന്ധിച്ച വിവരം സാമൂഹികമാധ്യമമായ എക്‌സിലൂടെ കേന്ദ്രമന്ത്രിയും ബിഹാർ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ചുമതലക്കാരനുമായ ധർമേന്ദ്ര പ്രധാൻ പങ്കുവെച്ചു.
അതേസമയം, മുന്നണിയിലെ ചെറുകക്ഷികളായ രാഷ്ട്രീയ ലോക് മോർച്ചയും ഹിന്ദുസ്ഥാൻ അവാം മോർച്ചയും ആറു സീറ്റുകളിലാണ് ജനവിധി തേടുക. നവംബർ മാസം ആറ്, പതിനൊന്ന് തീയതികളിൽ രണ്ടുഘട്ടമായാണ് ബിഹാർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.