ആദ്യഘട്ട വോട്ടെടുപ്പിനായി ബിഹാര്‍ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് ജനവിധി തേടുന്നവരില്‍ തേജസ്വി യാദവും

പട്‌ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 18 ജില്ലകളിലായി 3.75 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) നടത്തി തയാറാക്കിയ പട്ടികയാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. ഇന്ത്യാ മുന്നണി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന തേജസ്വി യാദവ് രാഘോപുരില്‍ നിന്നും ഇന്ന് ജനവിധി തേടും. ലാലു കുടുംബത്തിന്റെ കുത്തക മണ്ഡലമായ രാഘോപുരില്‍ ഹാട്രിക് വിജയം തേടിയാണു തേജസ്വി യാദവ് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും തോല്‍പിച്ച സതീഷ് കുമാര്‍ യാദവാണു ഇത്തവണയും എതിരാളി.

ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയും ഇന്ന് മത്സരിക്കുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു. ആര്‍ജെഡിയുടെ അരുണ്‍ കുമാര്‍ സാഹയോടാണ് ഇദ്ദേഹം താരാപുരില്‍ ഏറ്റുമുട്ടുന്നത്.

121 മണ്ഡലങ്ങളിലായി 1,314 പേരാണു മത്സരരംഗത്തുള്ളത്. 122 പേര്‍ സ്ത്രീകളും ജന്‍ സുരാജ് പാര്‍ട്ടിക്കുവേണ്ടി ഭോറയില്‍ നിന്നു മത്സരിക്കുന്ന പ്രീതി കിന്നാര്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്.

അച്ഛന്‍ ലാലുപ്രസാദ് യാദവുമായി ഇടഞ്ഞ് ആര്‍ജെഡിയില്‍ നിന്നു പുറത്തായ തേജസ്വി യാദവിന്റെ സഹോദരന്‍ തേജ് പ്രതാപ് യാദവ് മഹുവ മണ്ഡലത്തില്‍ നിന്നു ജനവിധി തേടുന്നുണ്ട്. പ്രചാരണത്തിനിടെ ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ച കേസില്‍ ജയിലിലായ ജെഡിയു സ്ഥാനാര്‍ഥി അനന്ത് സിങ് മത്സരിക്കുന്ന മൊക്കാമയിലും ഇന്നാണ് വോട്ടെടുപ്പ്. 20 ജില്ലകളിലെ 122 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് 10ന് നടക്കും.

Bihar heads to polling booths for first phase of voting.

More Stories from this section

family-dental
witywide