
തിരുവനന്തപുരം: വർക്കലയിൽ യുവതിയെ ട്രെയിനിൽനിന്ന് തള്ളിയിട്ട പ്രതിയെ സാഹസികമായി കീഴടക്കിയ വ്യക്തിയെ പൊലീസ് കണ്ടെത്തി. ബിഹാർ സ്വദേശി ശങ്കർ പാസ്വാൻ എന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് കേസിലെ പ്രധാന സാക്ഷിയും രക്ഷകനും. പത്തൊമ്പതുകാരി ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷിനെ കീഴ്പ്പെടുത്തിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അർച്ചനയെ പ്രതിയിൽനിന്ന് രക്ഷിച്ചതും ശങ്കറാണെന്ന് പൊലീസ് വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി.
പ്രതിയെ കീഴടക്കിയയാളെ തിരഞ്ഞ് പൊലീസ് പരസ്യം നൽകിയിരുന്നു. ചുവന്ന ഷർട്ട് ധരിച്ചയാൾ എന്നതായിരുന്നു ലഭ്യമായ സൂചന. സുരേഷ് ശ്രീക്കുട്ടിയെ തള്ളിയിട്ട ശേഷം അർച്ചനയെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ ചുവന്ന ഷർട്ടിട്ട ശങ്കർ ഓടിയെത്തി ഒറ്റക്കൈ കൊണ്ട് അർച്ചനയെ ട്രെയിനിലേക്ക് തിരികെ പിടിച്ചുകയറ്റി. തുടർന്ന് പ്രതിയെ സാഹസികമായി കീഴടക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.
ഈ ദൃശ്യങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ശങ്കറിനെ തിരിച്ചറിഞ്ഞത്. ഇതരസംസ്ഥാന തൊഴിലാളിയായ അദ്ദേഹത്തിന്റെ ധീരമായ ഇടപെടൽ കേസന്വേഷണത്തിന് നിർണായകമായി. പൊലീസ് അന്വേഷണം തുടരുന്നു.












