
ദര്‍ഭംഗ: ബീഹാറിലെ ദര്‍ഭംഗയില്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായി 25 കാരന്‍. അടുത്തിടെ പ്രണയ വിവാഹം ചെയ്ത രാഹുല്‍ കുമാര്‍ എന്ന ബിഎസ്സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഭാര്യാപിതാവിന്റെ വെടിയേറ്റ് മരിച്ചത്.
ബിഹാറിലെ ദര്‍ഭംഗ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ ബിഎസ്സി (നഴ്സിംഗ്) രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു രാഹുല്‍ കുമാര്‍. ഇതേ കോളേജിലെ ഒന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ തന്നു പ്രിയയും രാഹുലും നാലുമാസം മുമ്പാണ് വിവാഹിതരായത്. ഒരേ ഹോസ്റ്റല്‍ കെട്ടിടത്തില്‍ വ്യത്യസ്ത നിലകളിലാണ് ഇരുവരും താമസിച്ചിരുന്നത്.
അന്യ ജാതിയില്‍പ്പെട്ട രാഹുലുമായുള്ള തന്നുവിന്റെ വിവാഹത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം അസ്വസ്ഥരായിരുന്നു. ഇന്നലെ വൈകുന്നേരം മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് ഹോസ്റ്റലിലെത്തിയ തന്നുവിന്റെ പിതാവ് രാഹുലിനടുത്തെത്തി നെഞ്ചിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് തന്നു അടക്കം ദൃക്‌സാക്ഷികളാണ്.
കൊലപാതകത്തെ തുടര്‍ന്ന് രാഹുലിന്റെ സഹപാഠികള്‍ തന്നുവിന്റെ പിതാവ് പ്രേംശങ്കര്‍ ഝായെ തല്ലിച്ചതച്ചു. അവശനിലയിലായ ഝായെ ദര്‍ഭംഗ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ ചികിത്സിക്കാനോ വിദ്യാര്‍ത്ഥികള്‍ അനുവദിക്കാത്തതിനാല്‍ ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായി. ഇയാളുടെ നില വഷളായതോടെ പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
‘താനും രാഹുലും കോടതിയില്‍ പോയിരുന്നുവെന്നും തന്റെ അച്ഛനും സഹോദരന്മാരും ഉപദ്രവിച്ചേക്കുമെന്ന് പറഞ്ഞിരുന്നുവെന്നും സംരക്ഷണം തേടിയിരുന്നുവെന്നും’ തന്നു പറയുന്നു.
സംഭവത്തെത്തുടര്‍ന്ന് രാഹുലിന് നീതി ആവശ്യപ്പെട്ട് സഹപാഠികള്‍ പ്രതിഷേധിച്ചു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദര്‍ഭംഗ ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ കുമാറും സീനിയര്‍ പൊലീസ് സൂപ്രണ്ട് ജഗന്നാഥ് റെഡ്ഡിയും ആശുപത്രിയിലെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ വലിയ പൊലീസ് സംഘം തന്നെ സ്ഥലത്തുണ്ടായിരുന്നു.