
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ മഹാ വിജയം രാജ്യ തലസ്ഥാനത്തും വലിയ ആഘോഷമാക്കി ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ അണിനിരന്നാണ് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ആഘോഷമാക്കിയത്. 243 സീറ്റുകളിൽ 202 എണ്ണം നേടി ഭരണതുടർച്ച ഉറപ്പിച്ച എൻഡിഎയെ അഭിനന്ദിച്ച മോദി, ബിഹാറിലെ ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചുവെന്നും പറഞ്ഞു. ഇന്ത്യാ സഖ്യം 34 സീറ്റിലും മറ്റ് കക്ഷികൾ ഏഴിലും ഒതുങ്ങിയപ്പോൾ, എല്ലാ വീടുകളിലും പായസം ഉണ്ടാകുമെന്ന് മോദി തമാശരൂപേണ പറഞ്ഞു. ബിജെപി അധ്യക്ഷൻ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ വേദിയിലുണ്ടായിരുന്നു.
മഹിളാ-യൂത്ത് ഫോർമുല (എംവൈ ഫോർമുല)യാണ് വിജയത്തിന്റെ രഹസ്യമെന്ന് മോദി വ്യക്തമാക്കി. സ്ത്രീകളും യുവാക്കളും ജംഗിൾരാജിനെ തള്ളിക്കളഞ്ഞതോടെ ജനാധിപത്യത്തിന്റെ വിജയമായി ഈ തിരഞ്ഞെടുപ്പെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സമാധാനപരമായി നടന്ന വോട്ടെടുപ്പിൽ റീപോളിങ് ആവശ്യമായില്ലെന്നത് വലിയ നേട്ടമാണ്. എസ്ഐആറിനെ ജനം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു; കള്ളം പറയുന്നവരും ജാമ്യത്തിലിറങ്ങി നടക്കുന്നവരും പരാജയപ്പെട്ടു. കോൺഗ്രസും മാവോയിസ്റ്റുകളും ബിഹാറിന്റെ വികസനം മുടക്കിയിരുന്നു, എന്നാൽ റെഡ് കോറിഡോർ ചരിത്രമായി; ഇനി ബിഹാർ വികസനത്തിൽ കുതിക്കുമെന്ന് മോദി ഉറപ്പുനൽകി.
ഡൽഹി ബിജെപി ആസ്ഥാനത്ത് നൂറുകണക്കിന് പ്രവർത്തകരാണ് ആഘോഷത്തിനെത്തിയത്. വൻ സുരക്ഷയും എൻഎസ്ജി വിന്യാസവും ഏർപ്പെടുത്തി. ബിഹാറിലെ ജനങ്ങൾ വേഗത്തിലുള്ള വികസനം മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് മോദി ആവർത്തിച്ചു. സ്ത്രീകളാണ് ജംഗിൾരാജിന്റെ ഏറ്റവും വലിയ ഇരകളായിരുന്നതെന്നും അവരുടെ തീരുമാനമാണ് ഈ മാറ്റത്തിന് കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















