മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അവതരിപ്പിക്കുന്ന ജനപ്രിയ ടെലിവിഷൻ പരമ്പര ‘ക്യൂങ്കി സാസ് ഭി കഭി ബഹു തി’യുടെ പുതിയ പതിപ്പിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകനും മനുഷ്യസ്നേഹിയുമായ ബിൽ ഗേറ്റ്സ് വിശിഷ്ടാതിഥിയായി എത്തുന്നു. ഈ വർഷം ആദ്യം മിനിസ്ക്രീനിലേക്ക് തിരിച്ചെത്തിയ സ്മൃതിയുടെ പരമ്പര, കഴിഞ്ഞ മാസങ്ങളിൽ വലിയ ജനപ്രീതി നേടിയിട്ടുണ്ട്. ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട ടീസറിൽ, സ്മൃതി അവതരിപ്പിക്കുന്ന തുളസി എന്ന കഥാപാത്രം ലാപ്ടോപ്പിൽ വീഡിയോ കോൾ വഴി ഒരു വിശിഷ്ടാതിഥിയുമായി സംസാരിക്കുന്നതായി കാണിച്ചിരുന്നു. “അമേരിക്കയിൽനിന്ന് ഞങ്ങളുടെ കുടുംബവുമായി ബന്ധപ്പെടുന്നതിൽ സന്തോഷമുണ്ട്,” എന്നാണ് ടീസറിൽ തുളസി പറയുന്നത്.
ടീസറിൽ അതിഥിയുടെ മുഖം വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും, വ്യാഴം, വെള്ളി ദിവസങ്ങളിലെ എപ്പിസോഡുകളിൽ വിശിഷ്ടാതിഥി പ്രത്യക്ഷപ്പെടുമെന്ന് സ്മൃതി സൂചന നൽകിയിരുന്നു. സിഎൻബിസി-ടിവി18-ന് നൽകിയ അഭിമുഖത്തിൽ, ബിൽ ഗേറ്റ്സാണ് ഈ അതിഥിയെന്ന് അവർ വെളിപ്പെടുത്തി. ഇന്ത്യൻ വിനോദ ലോകത്തെ ഒരു ചരിത്ര നിമിഷമായാണ് മുൻ വനിതാ-ശിശു വികസന മന്ത്രി ഈ സംഭവത്തെ വിശേഷിപ്പിച്ചത്. 1833 എപ്പിസോഡുകളോടെ എട്ട് വർഷം നീണ്ടുനിന്ന മുൻ പരമ്പരയിൽനിന്ന് വ്യത്യസ്തമായി, പുതിയ പതിപ്പ് 150 എപ്പിസോഡുകളുള്ള ഒരു ലിമിറ്റഡ് സീരീസാണ്.
ബിൽ ഗേറ്റ്സിന്റെ വരവ് പരമ്പരയുടെ ജനപ്രീതി കൂട്ടുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ. ടീസറിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. വ്യത്യസ്തമായ ഈ സംരംഭം ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ പുതിയൊരു അധ്യായം രചിക്കുമെന്നാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും വിലയിരുത്തൽ. വരാനിരിക്കുന്ന എപ്പിസോഡുകൾ പ്രേക്ഷകർക്ക് ആവേശകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്.















