
കൊച്ചി: ആഭിചാരത്തിലും അനാചാരത്തിലും നിലപാട് മാറ്റി സംസ്ഥാന സർക്കാർ. ഹൈക്കോടതിയിൽ ആഭിചാരവും അനാചരവും തടയുന്നതിനുള്ള ബിൽ പരിഗണനയിലുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഹൈക്കോടതി നേരത്തെ ഈ കേസ് പരിഗണിക്കവെ ഇത്തരത്തിലുള്ള ഒരു ബിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. സാങ്കേതികമായ ചില പ്രശ്‌ങ്ങൾ കാരണമാണ് കാലതാമസം വരുന്നതെന്നാണ് ഇപ്പോൾ സർക്കാർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. എന്നാൽ, എന്താണ് ഇതിനുള്ള തടസ്സങ്ങളെന്ന് വിശദീകരിച്ച് അധിക സത്യവാങ്മൂലം നൽകാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഹൈക്കോടതിയിൽ കേരള യുക്തിവാദിസംഘം നൽകിയ ഹർജിയിൽ കേരളസർക്കാരിനുവേണ്ടി ആഭ്യന്തര ജോ.സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ ഈ നിയമവുമായി മുന്നോട്ടില്ലെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിരുന്നുവെന്ന പ്രസ്താവമുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതേത്തുടർന്ന് സംസ്ഥാന വ്യാപകമായി സംസ്ഥാന സർക്കാരിനെതിരെ വിമർശനങ്ങളുയർന്നിരുന്നു.
അതേസമയം രാജ്യത്ത് അന്ധവിശ്വാസ ചൂഷണത്തിനെതിരേയുള്ള കേന്ദ്രനിയമം ഇല്ലെങ്കിലും ഈ വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്‌തമായ നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലും കർണാടകയിലും അന്ധവിശ്വാസത്തിനെതിരേ നിയമം പാസാക്കി. എന്നാൽ, ഝാർഖണ്ഡ്, ബിഹാർ, ഒഡിഷ, രാജസ്ഥാൻ, അസം, ഗുജറാത്ത് എന്നീ എട്ട് സംസ്ഥാനങ്ങളിൽ പരിമിതമായ തോതിലാണ് ആഭിചാരത്തിനും ദുർമന്ത്രവാദത്തിനുമെതിരേയുള്ള നിയമങ്ങൾ നിലവിൽ വന്നിട്ടുള്ളത്.