
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചത് കാണാതായെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ട ബിന്ദുവെന്ന് സ്ഥിരീകരിച്ചു. തലയോലപ്പറമ്പ്, പള്ളിക്കവല സ്വദേശിയായ ബിന്ദു മകള്‍ക്കൊപ്പം കൂട്ടിരിപ്പിനായാണ് ആശുപത്രിയില്‍ എത്തിയത്. രാവിലെ കുളിക്കാനായി തകര്‍ന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സ്ഥിതിചെയ്യുന്ന ശുചിമുറിയിലേക്ക് പോയപ്പോഴായിരുന്നു അപകടം. രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങി കിടന്ന ബിന്ദുവിനെ പുറത്തെടുക്കുമ്പോള്‍ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
ഭര്‍ത്താവ് വിശ്രുതനൊപ്പം ജൂലൈ ഒന്നിനാണ് ബിന്ദു മകളുടെ ചികിത്സക്കായി ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയക്കായി മകളെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കെട്ടിടം തകര്‍ന്നതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. 13ാം വാര്‍ഡിലാണ് ബിന്ദു പോയതെന്നും 13, 14 വാര്‍ഡിലുള്ളവര്‍ 14 ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നുമായിരുന്നു ബന്ധുക്കള്‍ ആരോപിച്ചത്. കാഷ്വാലിറ്റിയില്‍ അടക്കം തെരച്ചില്‍ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെ വന്നതോടെ ബന്ധുക്കള്‍ പരാതി നൽകിയത്. വസ്ത്രശാലയില്‍ ജീവനക്കാരിയാണ് ബിന്ദു. ഭര്‍ത്താവ് വിശ്രുതന്‍ നിര്‍മ്മാണ തൊഴിലാളിയാണ്.