ബിപിന്‍ മൈക്കിളിനു കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി ; പൊതുദര്‍ശനത്തിനു വന്‍ ജനാവലി, സംസ്‌കാരം ഇന്ന്‌

പാറ്റേഴ്സന്‍, ന്യൂ ജേഴ്സി: തടാകത്തില്‍ കയാക്കിങിനിടെ അപകടത്തില്‍പ്പെട്ട സുഹൃത്തുക്കളെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ച മലയാളി യുവാവ് ബിപിന്‍ മൈക്കിളി(40)ന്റെ സംസ്‌കാരം ഇന്ന്. നോര്‍വുഡിലുള്ള മെഡോ കോര്‍ട്ടില്‍ താമസിക്കുന്ന ആലപ്പുഴ തത്തംപള്ളി തുണ്ടിപ്പറമ്പില്‍ പാപ്പച്ചന്റെ മകനാണ് ബിപിന്‍ മൈക്കിൾ.

സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് (തിങ്കള്‍) രാവിലെ 9 മണിക്ക് സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയിലും (St. George Syro Malabar Catholic Church 408 Getty Ave, Paterson, NJ, 07504  ) തുടര്‍ന്ന് സംസ്‌കാരം ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ സെമിത്തേരിയിലും (George Washington Memorial Cemetery 234 Paramus Road, Paramus, NJ, 07652) നടക്കും.

FUNERAL SERVICE ലൈവ് : https://www.youtube.com/live/1Uon4N3pcbA

ന്യു ജേഴ്സിയില്‍ വെല്‍ത്ത് മാനേജ്മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിപിന്‍ മൈക്കിളും സുഹൃത്തുക്കളും പെന്‍സില്‍വാനിയയിലെ പോക്കനോസില്‍ മെമ്മോറിയല്‍ വീക്കെന്‍ഡ് പ്രമാണിച്ച് വിനോദയാത്ര പോയതാണ്. അവിടെ ലേയ്ക്ക് കാതറിനില്‍ രണ്ടു പേര്‍ കയാക്കിംഗിന് പോയി. ഇടക്ക് വച്ച് കയാക്ക് മറിഞ്ഞു. സുഹൃത്തുക്കളെ രക്ഷിക്കാനായി കരയ്ക്കുനിന്ന ബിപിന്‍ വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. അപകടത്തില്‍ പെട്ടവര്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ രക്ഷപ്പെട്ടു.
എന്നാല്‍ ലൈഫ് ജാക്കറ്റ് ഇല്ലാതിരുന്ന ബിപിന്റെ മൃതദേഹം പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തിയാണ് കരക്കെടുത്തത്.

എ എ എ വെല്‍ത്ത് ബില്‍ഡേഴ്സ് എല്‍ എല്‍ സിയുടെ സഹ സ്ഥാപകനാണ് ബിപിന്‍. ബ്ലെസിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

എല്ലാവരുടെയും സുഹൃത്തും സ്‌നേഹിതനുമായിരുന്നു ബിബിന്‍ എന്ന് ബീറ്റ്സ് ഓഫ് കേരളയുടെ സാജന്‍ പറഞ്ഞു. വലിയ സ്വപ്ങ്ങള്‍ കണ്ട വ്യക്തിയാണ്. ഉറച്ച നിലപാടുകളും കൃത്യമായ പ്രവര്‍ത്തനങ്ങളും ബിബിന്റെ പ്രത്യേകതയിരുന്നു. ഓണത്തിന് എല്ലാ പൂക്കളങ്ങളും ഡിസൈന്‍ ചെയ്തത് ബിബിന്‍ ആണ്. ചെയ്യുന്ന എല്ലാ കാര്യത്തിലും ഒരു പെര്‍ഫെക്ഷന്‍ വേണമെന്ന് നിര്‍ബന്ധമായിരുന്നു. എന്നും മികച്ച സ്‌പോര്‍ട്‌സ് സപ്പോര്‍ട്ടറായിരുന്നു. ബീറ്റ്സ് ഓഫ് കേരള ഇനി ഒരിക്കലും പഴയ പോലെ ആകില്ല. തന്റെ ചെറിയ ജീവിതം കൊണ്ട് വലിയ മാതൃകയാണ് ബിപിന്‍ കാട്ടിയത്.

ബിബിന്റെ ബന്ധുവായ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ. ഡോ ബാബു കെ. മാത്യു (ബാബു അച്ചന്‍) ജീവിതത്തില്‍ നാം അനിശ്ചിതത്വത്തിലൂടെയാണ് കടന്നു പോകുന്നതെന്നു ചൂണ്ടിക്കാട്ടി. വിനോദയാത്ര പോയ അവരുടെ സന്തോഷകരമായ അവസരം ദുഖകരമായി. നല്ല കലാകാരനായ ബിപിന്‍ വരച്ച സെന്റ് സ്റ്റീഫന്റെ ചിത്രം ഇപ്പോഴും തങ്ങളുടെ ചര്‍ച്ചിലുണ്ട്.

സ്‌പോര്‍ട്‌സ് രംഗത്തെ ബന്ധം പിന്റോ കണ്ണമ്പള്ളി അനുസ്മരിച്ചു. ഏവരോടും സ്‌നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് ബിപിന്‍ എന്നും പെരുമാറിയത്. നല്ല കലാകാരനായിരുന്നു. മികച്ച ചിത്രകാരനും. എല്ലാവരുടെയും ഓര്‍മ്മകളില്‍ ബിബിന്‍ എന്നും ജീവിക്കും.

ഉയിര്‍പ്പു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് വെരി റവ മത്തായി പുതുക്കുന്നത്ത് കോര്‍ എപ്പിസ്‌കോപ്പ ചൂണ്ടിക്കാട്ടി. ബിബിന്‍ സമൂഹത്തിലുണ്ടാക്കിയ പോസിറ്റീവായ ചലനങ്ങളെക്കുറിച്ച് ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide