കേരളത്തിൽ പക്ഷിപ്പനി : തമിഴ്‌നാട് അതീവ ജാഗ്രതയിൽ, അതിർത്തി കടക്കുന്ന വാഹനങ്ങൾ പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ സംഘം

ചെന്നൈ : കേരളത്തിലെ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അയൽസംസ്ഥാനമായ തമിഴ്‌നാട് അതീവ ജാഗ്രതയിൽ. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തി കടത്തിവിടുന്നത് അണുവിമുക്തമാക്കിയ ശേഷമാണ്. വാലയാർ, വേലന്താവളം തുടങ്ങി പ്രധാന ചെക്ക് പോസ്റ്റുകളിൽ പ്രത്യേക മെഡിക്കൽ ടീമിനെ വിന്യസിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രധാന മുട്ട ഉൽപ്പാദന കേന്ദ്രമായ നാമക്കലിലെ 1,500-ഓളം ഫാമുകളിൽ ബയോസെക്യൂരിറ്റി മാനദണ്ഡങ്ങൾ കർശനമാക്കി. പുറത്തുനിന്നുള്ളവർക്കും വാഹനങ്ങൾക്കും ഫാമുകളിലേക്ക് പ്രവേശനം വിലക്കി. ഫാമുകളിലും പരിസരങ്ങളിലും ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് അണുനശീകരണം നടത്തുന്നുണ്ട്. തീറ്റയും വെള്ളവും കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമാണ് നൽകുന്നത്.

കോയമ്പത്തൂർ, നീലഗിരി, തേനി, തെങ്കാശി, കന്യാകുമാരി എന്നീ ജില്ലകളിൽ പൊതുജനാരോഗ്യ വകുപ്പ് കർശന നിരീക്ഷണം ഏർപ്പെടുത്തി.

അതേസമയം, ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകളിലും കോട്ടയത്തെ നാല് വില്ലേജുകളിലുമായി പക്ഷിപ്പനി വ്യാപിച്ചിരിക്കുകയാണ്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ബാധിത മേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കാൻ (culling) ഉത്തരവിട്ടു. ആലപ്പുഴയിൽ മാത്രം ഇതിനോടകം ഏകദേശം 28,500-ലധികം പക്ഷികളെ കൊന്നൊടുക്കി. രോഗബാധിത പ്രദേശങ്ങളിൽ കോഴി, താറാവ് എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് വിലക്കുണ്ട്.

Bird flu in Kerala: Tamil Nadu on high alert, special medical team to check vehicles crossing the border

More Stories from this section

family-dental
witywide