കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു; അടിയന്തരമായി തിരിച്ചിറക്കി, യാത്രക്കാര്‍ സുരക്ഷിതര്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചറക്കി. കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്. ബോയിങ് 737-8 എഎല്‍ വിമാനത്തിലാണ് പക്ഷിയിടിച്ചത്. പക്ഷിയിടിച്ചത് അറിഞ്ഞതോടെ പൈലറ്റ് ഉടന്‍ തന്നെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. ഇന്ന് രാവിലെ 6:30ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് 7:35 ഓടെ തിരിച്ചിറക്കിയത്. 180 ഓളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഷാര്‍ജയില്‍ നിന്ന് കണ്ണൂരിലേക്ക് എത്തുന്ന വിമാനത്തില്‍ ഇവരെ അബുദാബിയിലേക്ക് എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനം ടേക്ക് ഓഫ് ചെയ്ത് പോയശേഷമാണ് സംഭവം. വിമാനം അല്‍പ്പദൂരം സഞ്ചരിച്ചശേഷം കണ്ണൂരിലേക്ക് തിരികെ വരികയായിരുന്നു. തുടര്‍ന്ന് വട്ടമിട്ട് പറന്നശേഷം അനുമതി ലഭിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ തന്നെ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. വിമാനത്താവളത്തിലെ ബേയിലേക്ക് മാറ്റിയ വിമാനത്തിന്റെ സുരക്ഷാ പരിശോധന നടത്തി. വിമാനത്തിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

More Stories from this section

family-dental
witywide