
കണ്ണൂർ: ബിഷപ്പ് പാംപ്ലാനിക്കെതിരായ അവസരവാദി പരാമർശത്തിൽ ക്രിസ്ത്യൻ സഭകൾക്കിടയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ അദ്ദേഹത്തെ പിന്തുണച്ച് യാക്കോബാ സഭ നിരണം ഭദ്രാസന അധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് രംഗത്ത്. ‘ഗോവിന്ദൻ മാഷ് പറഞ്ഞത് കൃത്യമാണെന്നാണ് മാർ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടത്. കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ എന്നും മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു. എം വി ഗോവിന്ദന്റെ ചിത്രത്തോടൊപ്പമാണ് കുറിപ്പ് എന്നതും ശ്രദ്ധേയമാണ്.
ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസിന്റെ കുറിപ്പ് ഇപ്രകാരം
ഗോവിന്ദൻ മാഷ് പറഞ്ഞത് കൃത്യമാണ് : ഒപ്പം 🙏“കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ”…
നേരത്തെ എംവി ഗോവിന്ദന്റെ പാംപ്ലാനിക്കെതിരായ അവസരവാദി പരാമർശത്തിൽ കടുത്ത വിമർശനവുമായി കേരള കത്തോലിക്കാ കോൺഗ്രസടക്കം രംഗത്തു വന്നിരുന്നു. എം വി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയെന്ന് ഫാദർ ഫിലിപ്പ് കവിയിൽ കുറ്റപ്പെടുത്തി. ഗോവിന്ദൻ മാഷ് ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുതെന്ന് പറഞ്ഞ ഫാദർ ഫിലിപ്പ് കവിയിൽ പ്രസ്‌താവന തിരുത്തണോയെന്ന് എം വി ഗോവിന്ദൻ തീരുമാനിക്കട്ടെയെന്നും അഭിപ്രായപ്പെട്ടു.