
കണ്ണൂർ: ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാത്തത്തിൽ കടുത്ത വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ വാക്കിൽ അമിത വിശ്വാസം ഉണ്ടായിരുന്നെന്നും അതുപോലും കാറ്റിൽ പറക്കുന്നതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ജാമ്യ ഹർജിയെ എതിർക്കില്ലെന്നും കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാനുള്ള അവസരം ഉറപ്പുവരുത്തുമെന്നും കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ, സർക്കാരിന്റെ വക്കീൽ കന്യാസ്ത്രീകൾ ജാമ്യമില്ലാ കുറ്റം ചെയ്തുവെന്ന് കോടതിയിൽ പറഞ്ഞു. അതോടെ സ്ഥിതികൾ മാറുകയായിരുന്നു. കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടും ഛത്തീസ്ഗഢ് സർക്കാർ ഒപ്പം നിൽക്കുന്നില്ലെങ്കിൽ അതിനർത്ഥം അവർക്ക് ചില നിക്ഷിപ്ത താല്പര്യം ഉള്ളതു കൊണ്ടാണെന്നും ബിഷപ്പ് പാംപ്ലാനി പറഞ്ഞു.
കന്യാസ്ത്രീകൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് രാജ്യത്തിനു മുഴുവൻ ബോധ്യപ്പെട്ടിട്ടും അവരെ പുറത്തുവിടുന്നില്ല. ആരെയും ഇതുവരെ ക്രൈസ്തവർ നിർബന്ധിച്ചു മതം മാറ്റിയിട്ടില്ല. നിർബന്ധിത മത പരിവർത്തനം രാജ്യത്ത് നടക്കുന്നില്ല എന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. തുറങ്കിലടച്ച കന്യാസ്ത്രീകളെ പോലുള്ളവരെ പീഡിപ്പിക്കാൻ ആണ് നിർബന്ധിത മത പരിവർത്തന നിരോധന നിയമം കൊണ്ടു വന്നതെന്നും അദ്ദേഹം പറഞ്ഞു.