ന്യൂഡൽഹി: പ്രതിരോധ ആവശ്യങ്ങൾക്കായി ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളിലൊന്നായ ബിത്രയെ ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ലക്ഷദ്വീപിലെ, 0.105 ചതുരശ്ര കിലോ മീറ്റർ വിസ്തീർണമുള്ളതും ജനവാസമുള്ളതുമായ ഏറ്റവും ചെറിയ ദ്വീപായ ബിത്രയിൽ നിലവിൽ 105 കുടുംബങ്ങളാണ് താമസിക്കുന്നത്. ബിത്രയിലെ പലരും ഈ നീക്കത്തെ എതിർക്കുന്നുണ്ട്.
പദ്ധതിക്കായി സാമൂഹികാഘാത പഠനത്തിന് റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനവും ദേശീയ സുരക്ഷാ പ്രാധാന്യവും കണക്കിലെടുത്ത്, ദ്വീപ് പൂർണമായും പ്രതിരോധ, നയതന്ത്ര ഏജൻസികൾക്ക് കൈമാറുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യമെന്ന് നോട്ടീസിൽ പറയുന്നുണ്ട്. ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരം നൽകുന്നതിനും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള മുന്നോടിയായാണ് സാമൂഹികാഘാത പഠനമെന്ന് അറിയിച്ചു. റവന്യൂ വകുപ്പിനെ പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായി നിശ്ചയിച്ചിട്ടുണ്ടെന്നും ഗ്രാമസഭ ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചനകൾ നടത്തുമെന്നും നോട്ടീസിൽ സൂചിപ്പിക്കുന്നു.
അതേസമയം, ബിത്രയെ പ്രതിരോധ താവളമാക്കാനുള്ള നീക്കത്തെ ലക്ഷദ്വീപ് എംപി ഹംദുള്ള സയീദ് ഉൾപ്പെടെയുള്ള തദ്ദേശവാസികൾ സ്വാഗതം ചെയ്യുന്നില്ല. വിജ്ഞാപനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് ബിത്രയിലെ താമസക്കാർക്ക് ഹംദുള്ള ഉറപ്പുനൽകി. പ്രതിരോധ ആവശ്യങ്ങൾക്കായി സർക്കാർ ഒട്ടേറെ ദ്വീപുകളിൽ ഇതിനകം ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.










