
കെവാഡിയ: സർദാർ വല്ലഭായി പട്ടേലിന്റെ 150-ാം ജന്മവാർഷിക ആഘോഷം ഗുജറാത്തിലെ കെവാഡിയയിൽ റിപ്പബ്ലിക് ദിന മാതൃകയിലുള്ള പൊലീസ് പരേഡോടെ തുടങ്ങി. വനിതാ ഉദ്യോഗസ്ഥകൾ നയിച്ച പരേഡിൽ കേരള പൊലീസും പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി പരേഡിന് അഭിവാദ്യമർപ്പിച്ചശേഷം നെഹ്റുവിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനം നടത്തി.
സർദാറിന്റെ ഏകീകൃത ഇന്ത്യാ സ്വപ്നത്തിന് ജവഹർലാൽ നെഹ്റു തടയിട്ടുവെന്ന് മോദി ആഞ്ഞടിച്ചു. “കശ്മീരിനെ രണ്ടായി മുറിച്ചു, ആർട്ടിക്കിൾ 370 നൽകി നെഹ്റു പട്ടേലിന്റെ ദൗത്യം അട്ടിമറിച്ചു” – മോദി ആരോപിച്ചു. അർബൻ നക്‌സലുകളോടൊപ്പം നിന്ന് കോൺഗ്രസ് ഇന്നും ദേശീയ ഐക്യം തകർക്കുന്നുവെന്നും എസ്ഐആർ എതിർക്കുന്നത് അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തിരിച്ചടി
“സർദാറിനെക്കുറിച്ച് സംസാരിക്കാൻ മോദിക്ക് അവകാശമില്ല. ആർഎസ്എസിനെ നിരോധിച്ചതും സർക്കാർ ജീവനക്കാർക്ക് ആർഎസ്എസ് പ്രവർത്തനം വിലക്കിയതും പട്ടേലിന്റെ കാലത്താണ്. നെഹ്റുവിനെ ‘ഇന്ത്യയുടെ ആദർശം’ എന്നാണ് പട്ടേൽ വിശേഷിപ്പിച്ചതെന്ന് ഖർഗെ ചൂണ്ടിക്കാട്ടി. ആർഎസ്എസിനെ മുഖ്യധാരയിൽനിന്ന് മാറ്റിനിർത്തണമെന്നും വീണ്ടും നിരോധിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെട്ടു. ബിഹാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ പരേഡും വിവാദവും രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് കോൺഗ്രസ് ആരോപിച്ചു. “ഇന്ദിരാഗാന്ധി ഏകീകൃത ഇന്ത്യയ്ക്ക് ജീവൻ നൽകിയ ദിനം കൂടിയാണിന്ന്” – പാർട്ടി ഓർമിപ്പിച്ചു.













