ഹൈക്കോടതിയിൽ നിന്ന് തൃശ്ശൂരിലെ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് കിട്ടിയത് എട്ടിൻ്റെ പണി; ആറ് പേർക്കും അഞ്ച് ലക്ഷം രൂപ പിഴ; ഇവരുടെ വക്കീലും അടക്കണം 5 ലക്ഷം

കൊച്ചി: ഹൈക്കോടതിയിൽ നിന്ന് തൃശ്ശൂരിലെ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് എട്ടിൻ്റെ പണി കിട്ടി. ആറ് ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ഹൈക്കോടതി വിധിച്ചു. അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം കളഞ്ഞതിനാണ് ഹൈക്കോടതി പിഴ ഈടാക്കിയത്. ഓരോരുത്തരും അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണം. മാത്രമല്ല, ഇവര്‍ക്ക് വേണ്ടി ഹാജരായ തൃശ്ശൂരിലെ അഭിഭാഷകന്‍ കെ പ്രമോദും അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണം.

ഹൈക്കോടതിയിൽ തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ഗസ്റ്റ് ഹൗസായ ബിനി ഹോട്ടല്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകയ്ക്ക് നല്‍കിയതിന് എതിരെയായിരുന്നു ഇവർ ഹര്‍ജി സമർപ്പിച്ചത്. കോര്‍പ്പറേഷനില്‍ നിന്ന് ബിനി ഹോട്ടല്‍ ഏറ്റെടുത്ത് നടത്തിയിരുന്നത് പ്രമുഖ അബ്കാരിയായിരുന്ന വി കെ അശോകനായിരുന്നു. പുതിയ ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ സ്വകാര്യ വ്യക്തികള്‍ ഗസ്റ്റ് ഹൗസ് ഏറ്റെടുത്തു. ബിനി ടൂറിസ്റ്റ് ഹോം എന്ന പേര് ബിനി ഹെറിറ്റേജ് എന്നാക്കി മാറ്റിയിരുന്നു.

കോര്‍പ്പറേഷന്‍ ഇതിനായി വഴിവിട്ട് സഹായം ചെയ്‌തെന്ന് ആരോപിച്ചും ഗസ്റ്റ് ഹൗസ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഇവർ ഹൈക്കോടതിയിലെത്തിയത്. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളുകയും പിഴ വിധിക്കുകയുമായിരുന്നു. ഹൈക്കോടതി വിധി ബിജെപിക്ക് തിരിച്ചടിയായി.

More Stories from this section

family-dental
witywide