സംസ്ഥാനത്ത് ബിജെപി കൂടുതൽ അധികാര സിരാകേന്ദ്രങ്ങളിലേക്ക്. സംസ്ഥാനത്ത് ആദ്യമായി ഒരു കോർപ്പറേഷൻ ഭരണസ്ഥാനത്തേക്ക് ബിജെപി എത്തുന്നു. തലസ്ഥാന കോർപ്പറേഷനായ തിരുവനന്തപുരം കോർപ്പറേഷനാണ് ഇനി ബിജെപി ഭരിക്കാനൊരുങ്ങുന്നത്. നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അമ്പത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്. ഇതോടെ ചുവപ്പിൻ്റെ പൊന്നാപുരം കൊട്ട കാവിയണിഞ്ഞു.
കേരളത്തിൽ ബിജെപി വേര് പടർത്തുന്ന സന്തോഷത്തിലാണ് ബിജെപി ദേശീയ നേതൃത്വവും. ഇതിനോടകം എക്സിൽ നാല് കുറിപ്പുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ചത്. മലയാളത്തിലടക്കമാണ് മോദി സന്തോഷം പങ്കുവെച്ചത്. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ നേതാക്കളും തലസ്ഥാന വിജയം ആഘോഷമാക്കി. കേരളത്തിലെ വിജയം ദേശീയ തലത്തിൽ വ്യാപക പ്രചാരണമാക്കിയിരിക്കുകയാണ് ബി ജെ പി നേതാക്കൾ. വികസിത കേരളം എന്ന പ്രചരണത്തിലൂന്നിയാണ് കേന്ദ്രമന്ത്രിമാരടക്കമുള്ളവർ വിജയാഘോഷത്തിൽ പങ്കാളികളായിരിക്കുന്നത്. വികസിത കേരളം എന്ന ഹാഷ്ടാഗ് സഹിതമായിരുന്നു മോദിയുടെയും ട്വീറ്റ്.
അതേസമയം, തെരഞ്ഞെടുപ്പിൽ സീറ്റ് ഇരട്ടിയാക്കി യുഡിഎഫും വൻ മുന്നേറ്റമുണ്ടാക്കി. മുൻ ഡിജിപി ആർ ശ്രീലേഖയും കെ എസ് ശബരീനാഥനും വി വി രാജേഷുമുൾപ്പെടെ പ്രമുഖർ തിരുവനന്തപുരം കോർപ്പറേഷനിൽ സ്ഥാനം ഉറപ്പിച്ചു. വി വി രാജേഷ്, മുൻ ഡിജിപി ആർ ശ്രീലേഖ എന്നിവരാണ് മേയർ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഞെട്ടിക്കൽ പരീക്ഷണത്തിനും സാധ്യതയുണ്ട്. ഇനി നിയമസഭയിലേക്കും ബിജെപിയുടെ പ്രധാനവേദി തിരുവനന്തപുരമാവും.
എന്നാൽ ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടിയാണ്. വലിയ കക്ഷിയായെങ്കിലും ഭരണം നിലനിർത്താമെന്ന് കരുതിയ എൽഡിഎഫിന് കിട്ടിയത് തിരുവനന്തപുരത്ത് അപ്രതീക്ഷിത തിരിച്ചടിയാണ് . സിറ്റിങ് വാർഡുകൾ പലതും നഷ്ടമായി. കഴക്കൂട്ടം മണ്ഡലത്തിലെ വാർഡുകളിൽ തകർന്നടിഞ്ഞു. ആര്യ രാജേന്ദ്രൻ്റെ നേതൃതൃത്തിലുണ്ടായിരുന്ന കഴിഞ്ഞ ഭരണസമിതിക്കെതിരായ വികാരം മറികടക്കാൻ ഇറക്കിയ പുതിയ സ്ഥാനാർത്ഥികളും വാർഡ് വിഭജനവും തുണച്ചില്ല.
എന്നാൽ പത്ത് സീറ്റിലേക്ക് 2020ൽ ഒതുങ്ങിയ യുഡിഎഫിന്‍റേത് വമ്പൻ തിരിച്ചുവരവാണ്. തീരദേശ വാർഡുകൾ യുഡിഎഫിനൊപ്പം നിന്നു. കെ എസ് ശബരീനാഥനും വോട്ട് വിവാദമുണ്ടായ മുട്ടടയിലെ വൈഷ്ണ സുരേഷുമുൾപ്പെടെ ജയിച്ചു. രണ്ട് വാർഡുകളിൽ സ്വതന്ത്രരാണ് വിജയികൾ. അവരിൽ ഒരാൾ പിന്തുണച്ചാൽ ബിജെപിക്ക് ഭരിക്കാൻ തടസമുണ്ടാകില്ല.
BJP creates history; For the first time in the state, a corporation is in power









