
തിരുവനന്തപുരം: ബിജെപിക്കെതിരെ കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. 2026-ല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നുവെന്നും രാജ്യത്തെ ക്രൈസ്തവരോടുള്ള ബിജെപിയുടെ സമീപനത്തില്‍ ഇരട്ടത്താപ്പെന്നും കുറ്റപ്പെടുത്തലുണ്ട്. ക്രൈസ്തവ പീഡനങ്ങളോട് അരുതെന്നു പറയാതെയാണ് 2026-ല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ ബിജെപി ഇറങ്ങിയിരിക്കുന്നതെന്നാണ് വിമര്‍ശനം.
എഡിറ്റോറിയലിലെ പ്രധാന വിമര്‍ശനം
വര്‍ഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ആളിക്കത്തിച്ച് നേട്ടംകൊയ്യുകയാണ് ബിജെപി. രാജ്യത്ത് തീര്‍ത്തും ന്യൂനപക്ഷമായ ക്രൈസ്തവരെ ഭയചകിതരാക്കി എന്ത് നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്? കിരാത മതപരിവര്‍ത്തന നിയമം കൊണ്ടുവരുന്നത് വിശ്വാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മതപരിവര്‍ത്തനം വ്യാപകമായി നടക്കുന്നുവെന്നാണ് ബിജെപി എംഎല്‍എമാര്‍ ആരോപിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നിലവില്‍ത്തന്നെ നിയമങ്ങളുണ്ട്. പള്ളി നിര്‍മാണങ്ങള്‍ വ്യാപിക്കുന്നുവെന്നും എംഎല്‍എമാര്‍ ആരോപിക്കുന്നു. ആറുമാസത്തിനകം അനധികൃത പള്ളികള്‍ പൊളിച്ചുമാറ്റുമെന്നാണ് മഹാരാഷ്ട്ര റവന്യു മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞത്. അനധികൃതമായി പള്ളികള്‍ നിര്‍മിക്കുക എന്നത് കത്തോലിക്ക സഭയുടെ അജന്‍ഡയിലുള്ള പ്രവൃത്തിയല്ലെന്നും വ്യക്തമാക്കി. ഗോവയിലും കേരളത്തിലുമുള്‍പ്പെടെ ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബിജെപി, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ പീഡനങ്ങള്‍ക്ക് ഒത്താശചെയ്യുകയാണെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.