
യോഗി ആദിത്യനാഥ് അയ്യപ്പ സംഗമത്തിന് ആശംസയറിയിച്ചതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. യോഗിയുടെ ആശംസയെ ന്യായീകരിച്ചാണ് രാജീവ് ചന്ദ്രശേഖർ സംസാരിച്ചത്. ഏത് സർക്കാരോ വ്യക്തിയോ ക്ഷണിച്ചാലും ആശംസകൾ അറിയിക്കുന്നതാണ് യോഗി ചെയ്തതെന്നും അതിനപ്പുറം അയ്യപ്പ സംഗമത്തിനുള്ള ആശംസക്ക് പ്രസക്തിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
കേരളത്തിലെ ബി ജെ പി അയ്യപ്പ സംഗമം ബഹിഷ്ക്കരിച്ചെങ്കിലും യോഗിയുടെ ആശംസ സർക്കാരും ദേവസ്വം ബോർഡും ആയുധമാക്കിയിരുന്നു. സിപിഎമ്മിനോടുള്ള അവിശ്വാസം മൂലമാണ് വിശ്വാസികൾ സംഗമത്തിൽ പങ്കെടുക്കാതിരുന്നതെന്നും, ഇത് തങ്ങൾക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. നാളെ പന്തളത്ത് ഹിന്ദു സംഘടനകൾ നടത്തുന്ന അയ്യപ്പ സംഗമത്തിൽ താൻ പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.