ബിജെപി നേതാവിനെ വിഷംകുത്തിവെച്ച് കൊലപ്പെടുത്തി ; അക്രമികള്‍ ഓടിരക്ഷപെട്ടു, അന്വേഷണം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബിജെപി നേതാവിനെ അജ്ഞാതരായ മൂന്ന് പേര്‍ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഗുല്‍ഫാം സിംഗ് യാദവാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വീട്ടിലെത്തിയ മൂന്നംഗ സംഘം വിഷദ്രാവകം കുത്തിവയ്ക്കുകയായിരുന്നു.

നേതാവിനെ കാണാനെന്ന വ്യാജേന അദ്ദേഹത്തിന്റെ വീട്ടില്‍ കയറിയ മൂന്നുപേര്‍ അദ്ദേഹത്തോടൊപ്പം ഇരുന്ന് സംസാരിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വയറ്റില്‍ വിഷം കുത്തിവച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യം വഷളായി, വേദന കൊണ്ട് പുളയുകയും കുടുംബാംഗങ്ങളെ അറിയിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പൊലീസ് ഒരു ഒഴിഞ്ഞ സിറിഞ്ചും ഹെല്‍മെറ്റും ഉള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്.

യാദവ്‌ ഉത്തര്‍പ്രദേശ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബം ഇതുവരെ പരാതി നല്‍കിയിട്ടില്ല, എങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.