
തിരുവനന്തപുരം കോർപ്പറേഷൻ മേയറായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ ആർ. ശ്രീലേഖയെ നേരിൽ കണ്ട് ബിജെപി നേതാക്കൾ. മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ആശാ നാഥുമാണ് ശ്രീലേഖയുടെ വീട്ടിലെത്തിയത്. മേയർ പദവി ലഭിക്കാത്തതിൽ ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്ന വാർത്തകൾക്കിടെയാണ് ഈ സന്ദർശനം. എന്നാൽ പ്രധാന നേതാക്കളെ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ശ്രീലേഖയെ കണ്ടതെന്നും നഗരത്തിലെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തെന്നും വി.വി. രാജേഷ് പ്രതികരിച്ചു.
രാവിലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുൻപേ കൗൺസിൽ ഹാളിൽ നിന്ന് ശ്രീലേഖ മടങ്ങിയത് വലിയ ചർച്ചയായിരുന്നു. ഹാളിൽ രാജേഷിന്റെ സത്യപ്രതിജ്ഞാ ആഘോഷങ്ങൾ നടക്കുമ്പോൾ അതിലൊന്നും പങ്കുചേരാതെയാണ് ശ്രീലേഖ അതിവേഗം മടങ്ങിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതൽ സംസ്ഥാന നേതൃത്വത്തിലെ ചിലർ ശ്രീലേഖയ്ക്ക് മേയർ പദവി വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് വിവരം. എന്നാൽ അവസാന നിമിഷം വി.വി. രാജേഷിലേക്ക് നറുക്ക് വീണതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്.
സംസ്ഥാന നേതൃത്വത്തിലെ ചിലർ ശ്രീലേഖയെ പിന്തുണച്ചെങ്കിലും മുൻ അധ്യക്ഷന്മാരുൾപ്പെടെയുള്ള നേതാക്കളെ ചർച്ചയിൽ ഉൾപ്പെടുത്താത്തത് പാർട്ടിക്കുള്ളിൽ വലിയ തർക്കത്തിന് വഴിവെച്ചിരുന്നു. കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ കേന്ദ്ര നേതൃത്വത്തെ ആശങ്ക അറിയിക്കുകയും പിന്നാലെ ആർഎസ്എസ് ഇടപെടുകയും ചെയ്തതോടെയാണ് മേയർ പദവി രാജേഷിലേക്ക് എത്തിയത്. ഈ സാഹചര്യത്തിൽ ശ്രീലേഖയുടെ പ്രതിഷേധം തണുപ്പിക്കാനാണ് ബിജെപി നേതൃത്വം ഇപ്പോൾ ശ്രമിക്കുന്നത്.















