സുപ്രീം കോടതിയെ കടന്നാക്രമിച്ച് ബിജെപി എംപി; ”സുപ്രീംകോടതി നിയമങ്ങള്‍ ഉണ്ടാക്കുമെങ്കില്‍, പാര്‍ലമെന്റ് മന്ദിരം അടച്ചുപൂട്ടണം”

ന്യൂഡല്‍ഹി: സുപ്രീം കോടതിക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തി ബിജെപി എംപി നിഷികാന്ത് ദൂബേ. സുപ്രീംകോടതി നിയമങ്ങള്‍ ഉണ്ടാക്കുമെങ്കില്‍ പിന്നെ പാര്‍ലമെന്റ് മന്ദിരം അടച്ചുപൂട്ടണമെന്നായിരുന്നു നിഷികാന്തിന്റെ പരാമര്‍ശം. സാമൂഹികമാധ്യമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്ത് മതപരമായ യുദ്ധങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിന് ഉത്തരവാദികള്‍ സുപ്രീംകോടതിയാണെന്നും ആഭ്യന്തര യുദ്ധങ്ങള്‍ക്ക് കാരണം ചീഫ് ജസ്റ്റിസ് സജീവ് ഖന്നയാണെന്നും കുറ്റപ്പെടുത്തി.

നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ സുപ്രീം കോടതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദൂബേയുടെയും പ്രതികരണം. ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ധന്‍കറിന്റെ വിമര്‍ശനം.

ജാര്‍ഖണ്ഡിലെ ഗൊഡ്ഡയില്‍ നിന്നുള്ള എംപിയാണ് നിഷികാന്ത്. സുപ്രീം കോടതിക്കെതിരെ വ്യാപകമായ വിമര്‍ശനം നടത്തിയ ഇദ്ദേഹം ‘അരാജകത്വം’, ‘മതയുദ്ധങ്ങള്‍ക്ക് പ്രേരിപ്പിക്കല്‍’ തുടങ്ങിയ പരാമര്‍ശങ്ങളും ഉപയോഗിച്ച് രാജ്യത്തെ പരമോന്നത കോടതിയെ വിമര്‍ശിച്ചു.

‘സുപ്രീം കോടതിയെ ദുര്‍ബലപ്പെടുത്താന്‍’ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ കോണ്‍ഗ്രസ് പറഞ്ഞു. ‘നിയമന അധികാരിക്ക് നിങ്ങള്‍ക്ക് എങ്ങനെ നിര്‍ദ്ദേശം നല്‍കാന്‍ കഴിയും? രാഷ്ട്രപതിയാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്. പാര്‍ലമെന്റാണ് ഈ രാജ്യത്തെ നിയമം നിര്‍മ്മിക്കുന്നത്. ‘നിങ്ങള്‍ ആ പാര്‍ലമെന്റിനോട്‌ ആജ്ഞാപിക്കും?… നിങ്ങള്‍ എങ്ങനെയാണ് ഒരു പുതിയ നിയമം ഉണ്ടാക്കിയത്? മൂന്ന് മാസത്തിനുള്ളില്‍ പ്രസിഡന്റ് ഒരു തീരുമാനം എടുക്കണമെന്ന് ഏത് നിയമത്തിലാണ് എഴുതിയിരിക്കുന്നത്? ഇതിനര്‍ത്ഥം നിങ്ങള്‍ ഈ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ്. പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍, ഇതിനെക്കുറിച്ച് വിശദമായ ചര്‍ച്ച ഉണ്ടാകും…’ നിഷികാന്ത് പറഞ്ഞു. സുപ്രീം കോടതി അതിന്റെ പരിധിക്കപ്പുറം പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഒരാള്‍ എല്ലാത്തിനും സുപ്രീം കോടതിയിലേക്ക് പോകേണ്ടിവരികയാണെങ്കില്‍ പിന്നെ പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും അടയ്ക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വഖഫ് ഭേദഗതി നിയമത്തെ ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തില്‍കൂടിയാണ് ദൂബേയുടെ വിമര്‍ശനം എന്നത് ശ്രദ്ധേയമാണ്.

More Stories from this section

family-dental
witywide