കർണാടക: ദേശീയഗാനമായ ‘ജന ഗണ മന’ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ സ്വാഗതം ചെയ്യാനായി എഴുതിയതാണെന്ന് ബിജെപി എംപി വിശ്വേശ്വർ ഹെഗ്ഡെ കഗേരി. കർണാടകയിലെ ഉത്തര കന്നഡയിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് കഗേരിയുടെ പരാമർശം. വന്ദേ മാതരം’ ദേശീയഗാനത്തിന് തുല്യമായി കണക്കാക്കണമെന്നും അതിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും ആവശ്യപ്പെടുന്നതിനിടെയാണ് എംപിയുടെ വിവാദ പരാമർശം.
“ചരിത്രത്തിലേക്ക് ഞാൻ കൂടുതലായി കടക്കുന്നില്ല. ‘വന്ദേ മാതരം’ ദേശീയഗാനമാക്കണമെന്ന് ശക്തമായ ആവശ്യമുയർന്നിരുന്നു. എന്നാൽ, നമ്മുടെ പൂർവ്വികർ വന്ദേ മാതരത്തെ നിലനിർത്താനും, അതോടൊപ്പം ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ സ്വാഗതം ചെയ്യാൻ രചിച്ച ‘ജന ഗണ മന’യെയും സ്വീകരിക്കാൻ തീരുമാനിച്ചു. നമ്മൾ അത് അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്നു,” എന്നായിരുന്നു എംപിയുടെ വാക്കുകൾ.
അതേ സമയം, വിശ്വേശ്വർ ഹെഗ്ഡെയുടെ പ്രസ്താവനക്കെതിരെ വ്യാപക വിമർശനവും ട്രോളുകളുമാണ് ഉയരുന്നത്. ഹെഗ്‌ഡെയുടെ പ്രസ്‌താവനയ്ക്കെതിരെ കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ രംഗത്തെത്തി. “ഇത് ശുദ്ധ അസംബന്ധവും ആർഎസ്എസിന്റെ വാട്ട്സ്ആപ്പ് ചരിത്രപാഠവുമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. രബീന്ദ്രനാഥ ടാഗോർ 1911-ൽ രചിച്ച ഗീതമാണ് ‘ഭാരത ഭാഗ്യ ബിധാത’ എന്നും, അതിൻ്റെ ആദ്യ ഭാഗമാണ് ‘ജന ഗണ മന’ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടാഗോർ 1937-ലും 1939-ലും ഇത് ‘ഇന്ത്യയുടെ വിധാതാവിനെ’ സ്‌തുതിക്കുന്നതാണെന്നും, ജോർജ്ജ് അഞ്ചാമനോ ആറാമനോ ആകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും ഖാർഗെ കൂട്ടിച്ചേർത്തു. ബി.ജെ.പി, ആർഎസ്എസ് നേതാക്കൾ ഭരണഘടനയെയും ത്രിവർണ്ണ പതാകയെയും ദേശീയഗാനത്തെയും അനാദരിക്കുന്നതിൽ മഹത്തായ പാരമ്പര്യമുള്ളവരാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.















