അവസാന നിമിഷം ബിജെപി കേന്ദ്ര നേതൃത്വം 30000 വ്യാജ വോട്ട് ചേർത്തു, തൃശൂരിൽ നടന്നത് ക്രിമിനൽ ഗൂഢാലോചന; ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം വേണം: പ്രതാപൻ

തൃശൂർ: ബിജെപി കേന്ദ്രനേതൃത്വം തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ 30,000-ത്തിലധികം വ്യാജ വോട്ടുകൾ അവസാന നിമിഷം തിരുകിയെടുത്തുവെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി.എൻ. പ്രതാപൻ ആരോപിച്ചു. 2023–24ൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടിക പുതുക്കൽ ചുമതല ഏറ്റെടുത്ത സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയെ സ്വാധീനിച്ചാണ് ഈ ക്രമക്കേട് നടത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ വ്യാജ വോട്ടർമാരെ ചേർത്തത് ഒരു ക്രിമിനൽ ഗൂഢാലോചനയാണെന്നും ഇതേക്കുറിച്ച് ജുഡീഷ്യറിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിവോടെ നടന്ന ഈ ക്രമക്കേട് ജനാധിപത്യ പ്രക്രിയയെ തന്നെ അട്ടിമറിക്കുന്നതാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ കുറ്റപ്പെടുത്തി.

പ്രതാപന്‍റെ വാർത്താക്കുറിപ്പ്

2023–24ൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനായി കേരളത്തിൽ വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ചുമതല വഹിച്ച സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയെ സ്വാധീനിച്ചാണ് ബിജെപി കേന്ദ്രനേതൃത്വം തൃശൂർ ലോക്സഭാമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ അവസാന നിമിഷം 30,000 ത്തിലേറെ വ്യാജ വോട്ടുകൾ തിരുകികയറ്റിയെതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി.എൻ. പ്രതാപൻ പറഞ്ഞു. ഇതെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണം. കാരണം കരട് വോട്ടർ പട്ടികയിൽ രാഷ്ട്രീയ പ്രതിനിധികളായ ബൂത്ത് ലവൽ ഏജന്റുമാർ(ബിഎൽഎ) പരിശോധന നടത്തിയതാണ്. അന്ന് നീക്കേണ്ടത് നീക്കുകയും ഉൾപ്പെടുത്തേണ്ടത് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് പുറത്തു വന്നത് അന്തിമ വോട്ടർ പട്ടികയാണ്. അതിൽ ആരും അറിയാത്ത വ്യാജ വോട്ടർമാർ കടന്നുകൂടി. മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നും, തൃശൂർ ജില്ലയിൽ തന്നെ തൃശൂർ ലോക്സഭാ മണ്ഡലത്തിന് പുറത്തുള്ളവരെയും അതിന് പുറമേ അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലും ഇവിടെ വോട്ടുകൾ ചേർത്തു. ഒന്നര വർഷം തൃശൂരിൽ ക്യാംപ് ചെയ്തു വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് നേതൃത്വം നൽകിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാസ്റ്റർ തന്നെ സമ്മതിച്ചതാണ്. ആരോപണങ്ങളിൽ അർധസത്യമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനകൾ സൂചിപ്പിക്കുന്നുണ്ട്. വ്യാജമായി ചേർത്തപ്പോൾ മറ്റു പാർട്ടികൾ എവിടെയായിരുന്നു എന്നാണ് ബി ജെ പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ചോദിക്കുന്നത്. ഇവരുടെ പ്രസ്താവനകൾ വ്യാജ വോട്ട് ചേർക്കുന്നതിന് ബി ജെ പി നേതൃത്വം നൽകി എന്നതിന്റെ കുറ്റസമ്മതമാണ്. തിരഞ്ഞെടുപ്പു കമ്മിഷന്റെ അറിവോടെയാണ് ഈ കൃത്രിമം നടത്തിയതെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്. അതിനാൽ ഈ വിഷയത്തിൽ നടന്ന ക്രമക്കേടുകൾ ക്രിമിനൽ സ്വഭാവമുള്ളതാണ്. ഈ കേസുകൾ രജിസ്റ്റർ ചെയ്ത് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide